നടക്കുന്നതിനിടെ തലയോട്ടി കണ്ടു; ആനയുടെ ഭാവം മാറിയത് കണ്ട് അമ്പരന്ന് ജംഗിൾ സഫാരി യാത്രക്കാർ

Saturday 30 August 2025 10:10 AM IST

മനുഷ്യരെ പോലെ തന്നെ ബുദ്ധിയും ദുഃഖവും സന്തോഷവും സ്നേഹവുമെല്ലാം ആനകൾക്കും ഉണ്ടെന്നാണ് കണക്കാക്കാറുള്ളത്. ആനകൾക്ക് വർഷങ്ങൾക്ക് മുൻപ് മരിച്ച അവരുടെ പ്രിയപ്പെട്ടവരെ അവരുടെ അവശിഷ്ടങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പിബിഎസ് നേച്ചർ അഭിപ്രായപ്പെടുന്നു. അത് പ്രകടമാകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വർഷങ്ങൾക്ക് മുൻപ് ചരിഞ്ഞ ഒരു ആനയുടെ തലയോട്ടി അപ്രതീക്ഷിതമായി കണ്ട ഒരു കുട്ടിയാനയുടെ പ്രതികരണമാണ് വീഡിയോയിൽ ഉള്ളത്. തലയോട്ടി നോക്കിയ ശേഷം അസ്വസ്ഥനായി കരയുകയും ഓടിപ്പോകുകയുമാണ് ആന ചെയ്യുന്നത്.

'ready set safary' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്ലാസറി പ്രെെവറ്റ് ഗെയിം റിസർവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. വീഡിയോയുടെ തുടക്കത്തിൽ പുൽമേട്ടിലൂടെ ഒരു ആന നടക്കുന്നത് കാണാം. പെട്ടെന്ന് ആന തന്റെ മുന്നിൽ ഉള്ള ഒരു വെളുത്ത വസ്തും തുമ്പിക്കെെ കൊണ്ട് പരിശോധിക്കുന്നു. 15 മിനിറ്റോളം പരിശോധിച്ചശേഷം അത് മറ്റൊരു ആനയുടെ തലയോട്ടിയാണെന്ന് തിരിച്ചറിയുന്നു. ഇതോടെ ആന അസ്വസ്ഥനാകുകയും അലറിക്കരഞ്ഞ് കൊണ്ട് പുൽമേടുകളിലൂടെ ഓടുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്.

'ആനയുടെ അലർച്ച കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു', 'ആനകൾ ഒരിക്കലും മറക്കാറില്ല', 'അങ്ങേയറ്റം വെെകാരിക ബുദ്ധിയുള്ള ജീവിയാണ് ആന', 'തലയോട്ടി പരിശോധിച്ച് ആ ആന എങ്ങനെയാണ് മരിച്ചതെന്ന് മറ്റെ ആന കണ്ടെത്തിയിട്ടുണ്ട്. അതാണ് ഇങ്ങനെ കരയുന്നത്'- ഇങ്ങനെ പോകുന്നു കമന്റുകൾ. ഒരു ലക്ഷത്തോളം വ്യൂസും വീഡിയോ നേടി കഴിഞ്ഞു.