തൊട്ടാൽ പൊള്ളും; ഇന്ന് മാത്രം കൂടിയത് 1200 രൂപ, സർവകാല റെക്കാർഡിൽ സ്വർണം, 80000 കൊടുത്താലും ഒരു പവൻ കിട്ടില്ല

Saturday 30 August 2025 11:24 AM IST

കൊച്ചി: സർവകാല റെക്കാർഡിൽ സ്വർണവില. ഇന്ന് മാത്രം പവന് 1200 രൂപയാണ് കൂടിയത്. ഇതോടെ വില 76960 രൂപയായി ഉയർന്നു. അതായത് 77000ത്തിന് വെറും നാൽപ്പത് രൂപ മാത്രം കുറവ്. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 9670 രൂപയായി.

എന്നാൽ 77000 അല്ലെങ്കിൽ 78,000 നൽകിയാൽപ്പോലും ഒരു പവൻ സ്വർണം ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ജി എസ് ടിയും പണിക്കൂലിയുമൊക്കെ കൂട്ടിവരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 83,000 രൂപയെങ്കിലും നൽകേണ്ടിവരും. പണിക്കൂലി കൂടിയ ആഭരണമാണ് വാങ്ങുന്നതെങ്കിൽ വില വീണ്ടും ഉയരും.

ഈ മാസത്തെ ഏറ്റവും കുറവ് സ്വ‌ർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. വിവാഹ സീസണിൽ സ്വ‌ർണവില വർദ്ധിക്കുന്നത് ആഭരണം വാങ്ങാൻ കാത്തിരുന്നവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10,​000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം ശക്തമായതോടെയാണ് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയരാൻ തുടങ്ങിയത്. ഡൊണാൾഡ് ട്രംപിന്റെ വഴിവിട്ട നയ സമീപനം ആഗോള തലത്തിൽ അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന ആശങ്കയിൽ നിക്ഷേപകർ ഡോളറിനെ കൈവെടിഞ്ഞതാണ് സ്വർണത്തിന് പ്രിയം വർദ്ധിച്ചത്. ഇതോടെ കേരളത്തിലും സ്വർണ വില റെക്കാർഡ് കീഴടക്കി മുന്നേറാൻ തുടങ്ങി.