മൂന്നിടത്തും ഗുരുതരമായ സാഹചര്യം; പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൊച്ചിക്കാരെ ഗുരുതര രോഗങ്ങൾ ബാധിച്ചേക്കും

Saturday 30 August 2025 12:16 PM IST

കൊച്ചി: മലിനീകരണത്തി​ന്റെ അങ്ങേയറ്റത്താണ് പശ്ചിമ കൊച്ചിയിലെ മൂന്ന് പ്രധാന കനാലുകൾ. കോളിഫോം ബാക്ടീരിയയടക്കം രോഗകാരികളുടെ സാന്നിദ്ധ്യമേറെ. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഗവേഷക വിദ്യാർത്ഥിനി ഗ്ലക്സി ഇസക്കേൽ വാകപ്പാടത്ത് ജനകീയ താത്പര്യം ഉയർത്തി​ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കൽവത്തി, രാമേശ്വരം, ഇരവേലി എന്നീ കനാലുകളിലായി​രുന്നു പഠനം. മലിനീകരണ നിയന്ത്രണ ബോർഡി​ന്റെ (പി.സി.ബി) അനുവദനീയമായ അളവിൽ കൂടുതലാണ് മൂന്നിടത്തെയും ബാക്ടീരികളുടെയും രാസപദാർത്ഥകളുടെയും സാന്നിദ്ധ്യം. വെള്ളപ്പൊക്കമുണ്ടായാൽ ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടവരുത്തുമെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു.

പ്രത്യേകതരം ബാക്ടീരിയയെക്കുറിച്ചുള്ള റിസർച്ചിന്റെ ഭാഗമായാണ് ഗ്ലക്സി ഇസക്കേൽ പശ്ചിമകൊച്ചിയിലെ മൂന്ന് കനാലുകൾ പഠനത്തിനായി തിരഞ്ഞെടുത്തത്. ജലപരിശോധനയിൽ തന്നെ മൂന്നിടത്തും ഗുരുതരമായ ബാക്ടീരിയകളുടെയും മറ്റും സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. തുടർന്ന് കനാലുകൾ മലിനീകരി​ക്കപ്പെടുന്നതും ഇത് ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ തുനി​ഞ്ഞി​റങ്ങി. 2023ൽ ഗ്ലക്സി പഠനം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഡോ. റോമിലി മാർഗരറ്റ് മെന്റസാണ് ഗ്ലക്സിയുടെ ഗവേഷണ ഗൈഡ്. ഫോർട്ടുകൊച്ചി സ്വദേശി യേശുദാസ് വിപിനാണ് ഭർത്താവ്.

കനാലുകളിൽ അനുവദീയമായ അളവിൽ കൂടുതലാണ് നൈട്രേറ്റിന്റെയും സൾഫേറ്റിന്റെയും സാന്നിദ്ധ്യം.

കനാലുകളിലെ ജലം കുടിവെള്ളവുമായി നേരിയ തോതിൽപോലും കലരുന്ന സാഹചര്യമുണ്ടായാൽ മഞ്ഞപ്പിത്തവും മറ്റുരോഗങ്ങളും വ്യാപകമായി പിടിപെടാൻ സാദ്ധ്യത ഏറെ.

നിലവിൽ കനാൽ ജലം മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കാത്തത് നേരിട്ട് രോഗവ്യാപനം ഇല്ലാതാക്കുന്നു.

കനാലുകൾ നവീകരിക്കുന്നതോടെ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കുറയുമെങ്കിലും പഴയപടിയാകാനുള്ള സാദ്ധ്യത ഇല്ലാതാക്കാൻ കനാൽ തുടർ സംരക്ഷണം അനിവാര്യം

നഗരത്തിലെ കനാൽ നവീകരണത്തിന് 3716 കോടി കൊച്ചി നഗരത്തിലെ കനാലുകളുടെ നവീകരണം ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം.

കഴി‌ഞ്ഞ ദിവസം ഇതിന് തുടക്കമായി.

 സൗന്ദര്യവത്കരിക്കുന്നത് കൊച്ചിയിലെ പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാലുകൾ

 ഇരുവശത്തും നടപ്പാതകൾ നിർമ്മിച്ച് മനോഹരമാക്കും.

 ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിൽ ബോട്ട് സർവീസ് ആരംഭിക്കും.

കനാൽ നവീകരണ പദ്ധതിയിൽ പശ്ചിമ കൊച്ചിയില്ല 3716 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതിയിൽ പശ്ചിമകൊച്ചിയിലെ കനാലുകളില്ല. ഇതിനായി മറ്റൊരു പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. നേരത്തെ 100 കോടിരൂപയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.

ഗവേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയിലെ കണ്ടെത്തലുകൾ ജനത്തെ അറിയിക്കണമെന്ന തീരുമാനമാണ് കൂടുതൽ പഠിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിച്ചത്.- ഗ്ലക്‌സ ഇസക്കേൽ, വാകപ്പാടത്ത്.