സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടു
Saturday 30 August 2025 12:26 PM IST
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെട്ട എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടു. മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നമ്പറിലാണോ ജില്ലാ ഓഫീസുകളുടെ ഏതെങ്കിലും നമ്പറുകളാണോ ഹാക്ക് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നമ്പർ ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായാൽ പൊലീസിൽ പരാതി നൽകും. ഐടി വിഭാഗം പരിശോധന നടത്തി ഇന്നുതന്നെ റിപ്പോർട്ട് നൽകുനെന്നും അധികൃതർ വ്യക്തമാക്കി.