രാഹുൽ വന്നാൽ തടയും, സന്ദീപ് വാര്യർ അനാഥപ്രേതമെന്ന് ബിജെപി  നേതാവ്  സി  കൃഷ്ണകുമാർ

Saturday 30 August 2025 12:40 PM IST

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികൾ ഉൾപ്പെടെ ഒന്നിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സി കൃഷ്ണകുമാർ. രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുലിനെ മണ്ഡലത്തിലെ ക്ലബുകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും യോഗത്തിൽ പങ്കെടുപ്പിക്കാൻ കോൺഗ്രസ് എ ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

'എംഎൽഎ എന്ന നിലയിൽ രാഹുൽ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തിൽ പങ്കെടുത്താലും തടയും. അതിനാൽ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണം. സന്ദീപ് വാര്യർ അനാഥപ്രേതംപോലെ നടക്കുകയാണ്. കോൺഗ്രസിനുപോലും വേണ്ടാത്ത സന്ദീപിന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പിന് നൽകിയ എല്ലാവിവരങ്ങളും നൂറുശതമാനം ശരിയാണ്. കോൺഗ്രസിനുളളിൽ മുങ്ങിത്താഴാതിരിക്കാൻ സന്ദീപ് കൈകാലിട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്നുകൊടുക്കുന്നത്'- കൃഷ്ണകുമാർ ചോദിച്ചു.

കഴിഞ്ഞദിവസമാണ് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം സ്വകാര്യ കമ്പനിയിലെ പങ്കാളിത്തവിവരങ്ങൾ മറച്ചുവച്ച് സി കൃഷ്ണകുമാർ ചട്ടലംഘനം നടത്തിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചത്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണമറിഞ്ഞശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച രേഖകളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണമായി അംഗീകരിച്ചതാണെന്നും സി കൃഷ്ണകുമാർ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.