420ൽ നിന്ന് ഒറ്റയടിക്ക് കൂടിയത് 630 രൂപയിലേക്ക്, ഓണ സദ്യയിൽ ഈ രുചിയില്ലാതെ മലയാളികൾക്ക് പറ്റില്ല

Saturday 30 August 2025 1:46 PM IST

തൊടുപുഴ: വെളിച്ചെണ്ണ വില കൈപൊള്ളുന്നതാണെങ്കിലും ഓണക്കാലമായതോടെ ഉപ്പേരി വിപണി സജീവമാണ്. കായവറുത്തതും ശർക്കര വരട്ടിയും ഇല്ലാതെ ഓണം ആലോചിക്കാൻ വയ്യാത്തതിനാൽ ഉപ്പേരി പായ്ക്കറ്റുകൾക്ക് കടകളിൽ ഒട്ടും ക്ഷാമമില്ല. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കായ ഉപ്പേരിക്ക് 10–15% വരെ വില കൂടിയിട്ടുണ്ട്. ഓണത്തിനു ദിവസങ്ങൾക്കു മുൻപേ കായ വറുക്കൽ ഉഷാറാകുമെങ്കിൽ ഇത്തവണ വെളിച്ചെണ്ണ വില ലീറ്ററിന് 500 രൂപയ്ക്ക് മുകളിൽ എത്തിയതോടെ വറുക്കൽ ഒരൽപം മന്ദഗതിയിലായിരുന്നു. ഇതിനാൽ ഉപ്പേരി ഉണ്ടാക്കുന്നതിന് ഓണക്കാലത്തെ വേഗം വന്നിരുന്നില്ല.

എന്നാൽ അത്തം കഴിഞ്ഞതോടെ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. മുമ്പുള്ളതിൽ നിന്നും വ്യത്യമായി ഓർഡറും തിരക്കും അനുസരിച്ച് മാത്രമാണ് പലയിടത്തും കായ വറുക്കുന്നത്. 560 മുതൽ 630വരെയാണ് ഉപ്പേരിക്ക് പലയിടങ്ങളിലും കിലോ വില. മുമ്പ് 420 മുതൽ 480 രൂപയായിരുന്നു ഇത്. 500, 250 ഗ്രാം തൂക്കം വരുന്ന ഉപ്പേരി പായ്ക്കറ്റുകളാണ് കൂടുതലും വിൽപ്പനക്കുള്ളത്.

ബേക്കറികളിലും ചിപ്സ് സെന്ററുകൾക്കും പുറമേ റെസ്റ്റോറന്റുകളിലും കുടുംബശ്രീ വഴിയും സ്വാശ്രയ ഓണ വിപണികൾ മുഖാന്തിരവും ഉപ്പേരി വിൽപ്പന സജീവമാണ്.കായ വില താങ്ങാവുന്നതാണെങ്കിലും വെളിച്ചെണ്ണ വില കടുപ്പമാണെന്ന് വ്യാപാരികൾ പറയുന്നു. നേന്ത്രക്കായ കിലോ 43നാണ് വ്യാപാരികൾ എടുക്കുന്നത്.

മറ്റ് വിഭവങ്ങൾ ശർക്കരവരട്ടി, വിവിധയിനം പായസങ്ങൾ, ഇഞ്ചിക്കറി,ചീട, പാഴ്സൽ ഓണസദ്യ എന്ന് വേണ്ട മറയൂർ ശർക്കരവരെയും ഉപ്പേരിക്കൊപ്പം ഓണവിപണിയിലുണ്ട്. ഇതിന് പുറമേ ടൊമാറ്റോ, പുതിന, റോബസ്റ്റ, മറ്റ് വിവിധതരം പഴം ഉപ്പേരികളും വിപണിയിൽ ഇടംതേടിക്കഴിഞ്ഞു. ഇവയുടെ വിലയിലും മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റമുണ്ട്.

സ്‌പെഷ്യൽ ' ഹാംമ്പറുകൾക്ക്' ഡിമാൻഡ് ഓണത്തിനോട് അനുബന്ധിച്ച് വിപണിയിൽ ഇറക്കിയ പ്രത്യേക ഓണം ഹാമ്പറുകൾക്ക് ആവശ്യക്കാർ ഏറുന്നു. ഓണക്കാഴ്ച, തിരുവോണം, ഓണക്കൊട്ട,ഓണപ്പുലരി തുടങ്ങിയ ആകർഷകമായ പേരുകളിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. ഉപ്പേരി, ശർക്കരവരട്ടി, മിക്ചർ, പഴം ചിപ്സ്, ഫോർ കട്ട്, പുളിയിഞ്ചി, അച്ചാർ എന്ന് വേണ്ട ഓണമുണ്ട്വരെയുള്ള വിവിധയിനങ്ങൾ ഇതിലുണ്ട്. വിഭവങ്ങൾക്ക് മുൻകൂർ ബുക്കിംഗ് സൗകര്യവുമുണ്ട്.

ഓണം സ്‌പെഷ്യൽ ഹാംബർ നിരക്ക് ഓണക്കാഴ്ച 485 തിരുവോണം 960 ഓണക്കൊട്ട 1990 ഓണപ്പുലരി 2590

'വെളിച്ചെണ്ണ വില കൂടിയത് എല്ലാവർക്കും പ്രതിസന്ധിയാണ്. എന്നാൽ ഇതിന്റെ പേരിൽ ഉപ്പേരിക്ക് അമിതമായി വില കൂട്ടിയിട്ടില്ല. ശുദ്ധമായ വെളിച്ചെണ്ണയിൽ തന്നെയാണ് കായ വറക്കുന്നത്. സാജു സെബാസ്റ്റ്യൻ ( ബേക്കറി മാനേജർ)