നെഹ്‌റു ട്രോഫി വളളംകളിക്കെത്തിച്ച ചുണ്ടൻ വളളം അപകടത്തിൽപ്പെട്ടു, തുഴച്ചിലുക്കാർക്ക് പരിക്കില്ല

Saturday 30 August 2025 2:20 PM IST

ആലപ്പുഴ: നെ‌ഹ്‌റു ട്രോഫി വളളംകളിക്കെത്തിച്ച ചുണ്ടൻ വളളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്‌ തുഴയുന്ന നടുവിലെ പറമ്പൻ വള്ളമാണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായതോടെ ടീം വേമ്പനാട് കായലിൽ കുടുങ്ങിപ്പോകുകയായിരുന്നു. തുഴച്ചിലുക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ചാണ് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നത്. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല.

അതേസമയം, ആവേശത്തിലാഴ്‌ത്തിയ 71-ാമത് നെഹ്‌റു ട്രോഫി വളളംകളിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും, 21 ചുണ്ടൻ വള്ളങ്ങളടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുക. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെക്കുറിച്ചുളള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ച്വൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.