മലപ്പുറത്ത് പാലത്തിൽ നിന്ന് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Saturday 30 August 2025 4:33 PM IST

മലപ്പുറം: പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി സ്വദേശി ദേവനന്ദ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് യുവതി കൂട്ടിലങ്ങാടി പാലത്തിൽ നിന്ന് ചാടിയത്. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം മുണ്ടുപറമ്പിലാണ് യുവതി താമസിക്കുന്നത്. യുവതി പാലത്തിന്റെ കൈവരിയിൽ ഇരിക്കുന്നത് ബൈക്കിൽ കൂട്ടിലങ്ങാടിയിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന ദമ്പതികൾ കണ്ടു. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്ക് യുവതി പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ദമ്പതികളാണ് പൊലീസിനെയും നാട്ടുകാരെയുമൊക്കെ വിവരമറിയിച്ചത്.

വെള്ളവസ്ത്രം ധരിച്ച ഇരുപതുവയസ് പ്രായം തോന്നിക്കുന്ന യുവതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് യുവതിയ്ക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ദേവനന്ദയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ഇതോടെ യുവതി തന്നെയാകാം പുഴയിൽ ചാടിയതെന്ന് നിഗമനത്തിലെത്തി.

രാത്രി വൈകിയും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ തെരച്ചിൽ ആരംഭിച്ചു. മൃതദേഹം ദേവനന്ദയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).