ഓണക്കാലത്തെ പാൽ പരിശോധനയ്ക്ക് ക്യാമ്പ്

Saturday 30 August 2025 6:16 PM IST

കൊച്ചി: ഓണക്കാലത്ത് പാലിന്റെ ഉപഭോഗം ഗണ്യമാകുന്ന സാഹചര്യത്തിൽ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ പരിശോധനാ ക്യാമ്പ് ആരഭിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്തംബർ മൂന്ന് വരെയാണ് പാൽ പരിശോധന ക്യാമ്പ്. ഓണം സമയത്ത് എറണാകുളം ജില്ലയിൽ മാത്രം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ലിറ്റർ പാലാണ് എത്തിച്ചേരുന്നത്. ഇത് കണക്കിലെടുത്താണ് ക്യാമ്പ്.

കാക്കനാട് സിവിൽ സ്റ്റേഷനിൽ തുടങ്ങിയ ക്യാമ്പിന്റെയും ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ എം. ഷാഫീന, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ പ്രിയ ജോസഫ്, പാർവ്വതി കൃഷ്ണപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 സൗജന്യമായി പരിശോധന

സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലാണ് ക്വാളിറ്റി കൺട്രോൾ യൂണിറ്റ്.

പരിശോധനയ്ക്കുള്ള പാൽ സാമ്പിളുകൾ 200 മില്ലി ലിറ്ററിൽ കുറയാത്ത രീതിയിലും പാക്കറ്റ് പാൽ പൊട്ടിക്കാത്ത രീതിയിലുമാണ് എത്തിക്കേണ്ടത്. ഫോൺ : 0484- 2425603

പൊതുവിപണിയിൽ ലഭ്യമായ പല കമ്പനികളുടെയും പാലിന്റെ ഗുണനിലവാരം മനസിലാക്കാനും സംശയനിവാരണത്തിനുമായി ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി ജനങ്ങൾ പ്രയോജനപ്പെടുത്തണം.

ജി. പ്രിയങ്ക

ജില്ലാ കളക്ടർ