'സ്ഥിരം മാവേലി'യുടെ 33-ാം ഓണക്കാലത്ത്...

Saturday 30 August 2025 6:38 PM IST

കൊച്ചി: 33-ാം വർഷവും 'മാവേലി"യായി കൊമ്പൻമീശ പിരിച്ച് അരങ്ങിൽ നിറഞ്ഞുനിൽക്കുകയാണ് തൃപ്പൂണിത്തുറക്കാരുടെ സ്വന്തം പദ്മകുമാർ പാഴൂർ മഠം.

ബിസിനസുകാരായ ഇദ്ദേഹം തൃപ്പൂണിത്തുറ അത്തച്ചമയത്തിൽ തുടർച്ചയായി 14 വർഷം മാവേലിയായി മുൻനിരയിലുണ്ടായിരുന്നു. ഓണക്കാലമായതോടെ നിലംതൊടാതെയാണ് ഓട്ടം. ദിവസവും രണ്ടും മൂന്നും ഓണാഘോഷ പരിപാടികളിൽ മഹാബലിയായി എത്തുന്നു. ഇത്തവണ പത്ത് പരിപാടികളിൽ പങ്കെടുത്തു. നിലവിൽ 20ലേറെ ബുക്കിംഗ് ഉണ്ട്. മറ്റു ജില്ലകളിലും പോകാറുണ്ട്.സംഗീതജ്ഞയായ വി. മിനിയാണ് ഭാര്യ. മകൻ വിഷ്ണുനാരായണൻ.

 അലങ്കാരമേറെ

മെതിയടി, ഒന്നാം മുണ്ട്, രണ്ടാം മുണ്ട്, കച്ചമുണ്ട്, നേരിയത്, ഓലക്കുട, വള, തള, മാല, ഓലക്കുട എന്നിങ്ങനെ അലങ്കാരങ്ങളേറെയാണ്. ആദ്യമൊക്കെ കൈയിൽ നിന്നു കാശുമുടക്കിയാണ് കിരീടവും മീശയുമൊക്കെ വാങ്ങിയിരുന്നത്. ചെലവു കൂടിയപ്പോൾ അതു നിറുത്തി. സാമ്പത്തിക ശേഷിയില്ലാത്ത സംഘടനകളാണെങ്കിൽ സ്വന്തം നിലയ്ക്കു മെയ്ക്കപ്പ് ചെയ്യും. കിരീടം, മെതിയടി, ഓലക്കുട, അരപ്പട്ട എന്നിവ സ്വന്തമായുണ്ട്. പ്രത്യേകം പണിയിക്കുകയായിരുന്നു. പലതരം കൊമ്പൻമീശകളും സ്റ്റോക്കുണ്ട്.

മാവേലിക്ക് ആരാധകരേറെ

ചുരുങ്ങിയ ചെലവിൽ മാവേലി ആകണമെങ്കിലും 8500 രൂപയാകും. ഒരു പരിപാടിയിൽ മൂന്നു മണിക്കൂർ വരെ ഓലക്കുടയും ചൂടി നിൽക്കണം. ന്യൂജെൻ ആഘോഷവേദികളിൽ മാവേലിക്ക് ഡാൻസ് ചെയ്യേണ്ടിവന്നേക്കാം. കഥപറയാനും സെൽഫിയെടുക്കാനും കൊച്ചു കുട്ടികൾ ഓടിയെത്തുമ്പോഴാണ് ഈ വേഷത്തിന്റെ വലിപ്പം മനസിലാകുന്നത്. കണ്ണുരുട്ടിക്കാണിച്ചാലും കുട്ടികൾ പൊട്ടിച്ചിരിക്കും. ചിലർ പായസം കുടിപ്പിക്കും. വിശിഷ്ടാതിഥികളടക്കം മാവേലിക്കു കൈകൊടുത്തേ മടങ്ങൂ. കുട്ടികളെക്കൊണ്ട് മാവേലിക്ക് ദക്ഷിണ നൽകിക്കുന്ന രക്ഷിതാക്കളുമുണ്ട്.