വരികയായ്, വയനാടിന്റെ വികസനവഴി, വയനാട് തുരങ്കപാത നിർമ്മാണോദ്ഘാടനം ഇന്ന്
കൽപ്പറ്റ: സമഗ്ര വികസനത്തിനും മലയോര ജനതയുടെ യാത്രയ്ക്കും വയനാട് തുരങ്ക പാതയുടെ നിർമ്മാണം തുടങ്ങുന്നു. നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂളിൽ നിർവഹിക്കും. പാത വരുന്നതോടെ, ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയിലൂടെ ചരക്കുനീക്കം എളുപ്പമാകും.
ആനക്കാംപൊയിൽ കള്ളാടി- മേപ്പാടി തുരങ്ക പാത നാലുവർഷംകൊണ്ട് പൂർത്തിയാക്കും. 8.11 കിലോമീറ്ററിൽ ഇരട്ട തുരങ്കപാതയാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ. പാതയുടെ 5.58 കിലോമീറ്റർ വയനാടും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.
ഇരുവഴിഞ്ഞി പുഴയിൽ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. വനഭൂമിയുൾപ്പെടെ 33 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ജൂൺ 18ന് ലഭിച്ചു. വയനാട്ടിൽ മേപ്പാടി-ചൂരൽമല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായി കോഴിക്കോടിനെയും.
ഭോപ്പാലിലെ ദിലിപ് ബിൽഡ്‌കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കാണ് കരാർ. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ടചുമതല. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിലിനെത്തുടർന്ന് വാഹനയാത്ര മുടങ്ങുന്നതിനാൽ തുരങ്ക പാത വലിയൊരു അനുഗ്രഹമാകും.
ന്യൂ ഓസ്ട്രിയൻ
ടണലിംഗ്
അത്യാധുനികവും സുരക്ഷിതവുമായ ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാവും നിർമ്മാണം
സമയചെലവും കുറവ്. സങ്കീർണ്ണമായ ഭൂഗർഭ മേഖലകളിൽ ഏറ്റവും ഫലപ്രദമെന്ന് തെളിഞ്ഞു.
ചുറ്റുമുള്ള പാറക്കൂട്ട സമ്മർദ്ദത്തെയും ടണലിംഗ് മെക്കാനിസത്തിന്റെ ഭാഗമാക്കും
നിർമ്മാണം വിവിധ ഭാഗങ്ങളായിട്ടാവും. ഇത് പാറക്കൂട്ടത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ക്രമീകരിക്കും.
നിർമ്മാണ ഘട്ടത്തിൽ പാറക്കൂട്ടത്തിലുണ്ടാകുന്ന അപ്രതീക്ഷിത സ്വഭാവമാറ്റം നിരന്തരം നിരീക്ഷിക്കും
സ്റ്റീൽ ആവരണം, ഷോട്ട്ക്രീറ്റ്, റോക്ക് ബോൾട്ടുകൾ എന്നിവ ഉപയോഗിച്ച് തുരങ്കത്തിന് സുരക്ഷ നൽകും
24/7
നിരീക്ഷണം
1. തുരങ്ക പാതയ്ക്ക് 10 മീറ്റർ വീതി, തുരങ്കങ്ങൾ തമ്മിൽ 15 മീറ്റർ അകലം
2. ഓരോ 300 മീറ്ററിലും തുരങ്കങ്ങൾ തമ്മിൽ ബന്ധിപ്പിക്കും
3. സി.സി.ടി.വി.ക്യാമറ, ടെലിഫോൺ, ഫയർ ഹൈഡ്രന്റ് ഉൾപ്പെടെ സംവിധാനങ്ങൾ
4. സുരക്ഷയും ഗതാഗതവും 24 മണിക്കൂറും നിരീക്ഷിക്കാൻ കൺട്രോൾ റൂം
5. തീപിടിത്തം പോലുള്ള അത്യാഹിതമുണ്ടായാൽ ഒന്നിനെ എസ്കേപ്പ് ടണലാക്കും
നീളം
8.11 കിലോമീറ്റർ ഇരട്ടപ്പാത
ചെലവ്
2134.5 കോടി
പശ്ചിമഘട്ടം തുരങ്കപാതയ്ക്ക് വളരെ സുരക്ഷിതമാണ്. ഹിമാലയൻ നിരകളെ അപേക്ഷിച്ച് ഇടിച്ചിൽ ഭീഷണി വളരെ കുറവ്.
- കെ.പി.പുരുഷോത്തമൻ,
അടൽ ടണൽ നിർമ്മിച്ച
ബി.ആർ.ഒ ചീഫ് എൻജിനിയർ