ജില്ലയിൽ മുങ്ങിമരിക്കുന്നതിലേറെയും കുട്ടികൾ, മക്കളേ.., കരുതണം, കയങ്ങളുണ്ട്

Sunday 31 August 2025 12:24 AM IST

പത്തനംതിട്ട : അപകടം പതിയിരിക്കുന്ന നദിയുടെ ആഴങ്ങളിൽ പൊലിയുന്നതിൽ ഏറെയും കുട്ടികൾ. ഒടുവിലത്തെ ഇരകളാണ് കഴിഞ്ഞ ദിവസം അച്ചൻകോവിലാറ്റിൽ മുങ്ങിത്താഴ്ന്ന അജ്സലും നബീലും. ഓണപ്പരീക്ഷ കഴിഞ്ഞ് കൂട്ടുകാരൊന്നിച്ച് കടവിലെത്തിയവർ അപകടത്തിൽപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന അജ്സലിനെ രക്ഷിക്കാനിറങ്ങിയ നബീലും ആഴങ്ങളിൽ മാഞ്ഞു. ഇങ്ങനെ നിരവധി കുട്ടികളുടെ ജീവിതമാണ് നദിയിൽ പൊലിയുന്നത്.

ജില്ലയിൽ മുങ്ങി​മരി​ക്കുന്നതി​ൽ അധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. കോയി​പ്രം നെല്ലി​ക്കൽ പുഞ്ചയി​ൽ മീൻപി​ടി​ക്കാൻ പോയ മൂന്ന് യുവാക്കൾ വള്ളം മറി​ഞ്ഞ് ​മരി​ച്ചത് കഴി​ഞ്ഞമാസമായി​രുന്നു.

ജി​ല്ലയി​ലെ കനാലുകളിലും പുഴയിലും നിരവധി ജീവനുകളാണ് പൊലിയുന്നത്. കഴിഞ്ഞ ദിവസം അപകടം നടന്ന അച്ചൻകോവിലാറിന്റെ അടിത്തട്ടിൽ നിറയെ മരത്തടികളായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തേയും ബാധി​ച്ചു. നദി​കളി​ൽ നി​റഞ്ഞി​ട്ടുള്ള ചെളി​യും പലപ്പോഴും അപകടകാരണമാകുന്നുണ്ട്.

കഴിഞ്ഞ വർഷം 45 മരണം

കഴിഞ്ഞ വർഷം 45 മരണങ്ങളാണ് ജില്ലയിലുണ്ടായിട്ടുള്ളത്. ഈ വർഷം ഇതുവരെ 22 പേരാണ് നദിയിൽ വീണ് മരണപ്പെട്ടത്. തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോന്നിയിലാണ് ഏറ്റവും കുറവ് അപകടങ്ങൾ.

ജില്ലയിലെ ഫയർ സ്റ്റേഷനുകളുടെ പരി​ധി​യി​ൽ കഴി​ഞ്ഞ

രണ്ടുവർഷമുണ്ടായി​ട്ടുള്ള മുങ്ങി​മരണങ്ങൾ

സ്റ്റേഷൻ, 2024, 2025

അടൂർ : 03, 04 കോന്നി : 01, 01 റാന്നി : 08, 01 സീതത്തോട് : 04, 01 തിരുവല്ല : 15, 07 പത്തനംതിട്ട : 14, 08 ആകെ : 45, 22

മുൻപരിചയമില്ലാത്തവർ ഒരുകാരണവശാലും പുഴയിൽ ഇറങ്ങരുത്. അവധിക്കാലത്ത് കുട്ടികളെ സൂക്ഷിക്കണം. എത്ര നീന്തൽ വിദഗ്ദ്ധൻ ആണെങ്കി​ലും വെള്ളത്തിൽ വീണാൽ രക്ഷപ്പെട്ടുവെന്നുവരില്ല. മദ്യപിച്ച് പുഴയിൽ ഇറങ്ങുന്നവരും നിരവധിയാണ്. മദ്യപിച്ച് വെള്ളത്തിൽ ചാടുന്നതും അപകടമാണ്.

വി.വിനോദ് കുമാർ

ജില്ലാ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ