പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് കഞ്ചാവ് വളർത്തിയ ഗൃഹനാഥൻ അറസ്റ്റിൽ
പത്തനംതിട്ട : പാട്ടത്തിനെടുത്ത പറമ്പിൽ വളർത്തിയ അഞ്ച് കഞ്ചാവ് ചെടികളും വീടിന്റെ ടെറസിലെ കടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെത്തി. ഗൃഹനാഥൻ അറസ്റ്റിലായി. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ വിപിൻ സദനത്തിൽ (മനയത്രയിൽ വീട്) വിജയകുമാർ (59) ആണ് പിടിയിലായത്. ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചെറുകോലുള്ള പറമ്പിൽ വിവിധ ഇടങ്ങളിൽ നട്ടുവളർത്തിയ നിലയിലാണ് 5 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ് നൂമാന്റെയും നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിലിന്റെയും നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ കഞ്ചാവും ചെടികളും കണ്ടെത്തി പിടികൂടിയത്. പ്രതിയുടെ രണ്ടുനിലവീട്ടിൽ നടത്തിയ റെയ്ഡിൽ മുകളിലെ നിലയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ചെറുകോലിൽ പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വിവിധ കൃഷിവിഭവങ്ങൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി പൊലീസിനോട് സമ്മതിച്ചു. വീടിനു മുകൾ നിലയിൽ ഷീറ്റിട്ട് പലചരക്കു കട നടത്തുകയാണ് ഇയാൾ. വീട്ടിൽ ഭാര്യയും മരുമക്കളും മറ്റുമായി കുടുംബമായി താമസിച്ചുവരികയാണ്. 29ന് വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി 9 വരെ നീണ്ടു. ടെറസിന് മുകളിൽ മേശയും അലമാരകളും വച്ച് ക്യാബിൻ തിരിച്ച് പലചരക്കും മറ്റുംവച്ച കടയിലെ കട്ടിലിന്റെ അടിയിൽ ബ്രൗൺ നിറത്തിലുള്ള കവറിനുള്ളിൽ 7.8 ഗ്രാം ഭാഗികമായി ഉണങ്ങിയ കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവും കണ്ടെത്തി. ചോദ്യം ചെയ്യലിൽ കഞ്ചാവ് സ്വന്തം ഉപയോഗത്തിന് സൂക്ഷിച്ചതാണെന്നും പാട്ടത്തിന്റെടുത്ത കൃഷിഭൂമിയിൽ മറ്റു കൃഷികൾക്കൊപ്പം പലഭാഗത്തായി പല വളർച്ചയിലുള്ള 5 ചെടികൾ നട്ടുവളർത്തി നനച്ച് പരിപാലിച്ച് വരുന്നതായും വെളിപ്പെടുത്തി. പത്തനംതിട്ട എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകനും സ്ഥലത്ത് എത്തിയിരുന്നു. പത്തനംതിട്ടയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും പ്രതി പാെലീസിനോട് സമ്മതിച്ചു.