കേന്ദ്ര സർക്കാരിന്റെ ധനകമ്മി ഉയരുന്നു

Sunday 31 August 2025 12:59 AM IST

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനായി അധിക മൂലധന നിക്ഷേപത്തിന് സർക്കാർ നിർബന്ധിതരായതോടെ ഇന്ത്യയുടെ ധന കമ്മി ഉയരുന്നു. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള നാല് മാസത്തിൽ ധന കമ്മി 4.68 ലക്ഷം കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 29.9 ശതമാനമാണിത്. ഇക്കാലയളവിൽ സർക്കാരിന്റെ മൊത്തം നികുതി വരുമാനം മുൻവർഷം ഇതേകാലയളവിലെ 7.1 ലക്ഷം കോടി രൂപയിൽ നിന്ന് 6.6 ലക്ഷം കോടി രൂപയിലേക്ക് താഴ്‌ന്നു. നികുതിയിതര വരുമാനം മുൻവർഷത്തെ മൂന്ന് ലക്ഷം കോടി രൂപയിൽ നിന്ന് നാല് ലക്ഷം കോടി രൂപയായി ഉയർന്നു. അവലോകന കാലയളവിൽ സർക്കാരിന്റെ മൊത്തം ചെലവ് 13 ലക്ഷം കോടി രൂപയിൽ നിന്ന് 15.6 ലക്ഷം കോടി രൂപയായി ഉയർന്നു.

വിദേശ നാണയ ശേഖരത്തിൽ ഇടിവ്

ആഗസ്‌റ്റ് 22ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 438.6 കോടി ഡോളർ കുറഞ്ഞ് 69,072 കോടി ഡോളറായി. വിദേശ നാണയങ്ങളുടെ മൂല്യം ഇക്കാലയളവിൽ 365.2 കോടി ഡോളർ കുറഞ്ഞ് 58,225.1 കോടി ഡോളറിലെത്തി.