മനുഷ്യജീവനെ സംരക്ഷിക്കുന്നതിൽ നിയമത്തിന് പരിമിതി : മന്ത്രി പി.രാജീവ്
Sunday 31 August 2025 3:01 AM IST
തിരുവനന്തപുരം : വന്യജീവി ആക്രമണത്തിൽ നിന്ന് മനുഷ്യജീവനെ സംരക്ഷിക്കുന്നതിൽ നിയമവ്യവസ്ഥകൾക്ക് പരിമിതികളുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മനുഷ്യവന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി ദേശീയ നിയമ സേവന അതോറിട്ടിയും കേരള സംസ്ഥാന നിയമ സേവന അതോറിട്ടിയും ചേർന്ന് സംഘടിപ്പിച്ച മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മൃഗം മനുഷ്യജീവന് ഭീഷണിയാകുമ്പോൾ അതിനെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ്. നിയമപരമായ പരിമിതികൾ ദോഷകരമായി ബാധിക്കുന്നത് സാധാരണക്കാരെയും ഗോത്ര വിഭാഗങ്ങളെയുമാണ്. ഈ വിഷയത്തിൽ കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. കേന്ദ്ര നിയമങ്ങളിലെ പരിമിതികൾക്കിടയിലും, കേരളം പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുത്തു പ്രവർത്തിക്കും.