വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഐ.ഒ.സി

Sunday 31 August 2025 12:03 AM IST

അഞ്ച് വർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും

കൊച്ചി: ക്രൂഡോയിൽ സംസ്കരണം, വിപണന ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളിൽ അഞ്ച് വർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപയു‌ടെ നിക്ഷേപത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) ഒരുങ്ങുന്നു. പെട്രോകെമിക്കൽസ്, പ്രകൃതിവാതകം, പാരമ്പര്യേതര ഊർജം എന്നീ മേഖലകളിലും വിപുലമായ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഐ.ഒ.സി ചെയർമാൻ അർവിന്ദർ സിംഗ് സാഹ്‌നി പറഞ്ഞു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വർഷത്തിനുള്ളിൽ ഐ.ഒ.സിയുടെ പ്രതിവർഷ റിഫൈനിംഗ് ശേഷി 807.5 ലക്ഷം ടണ്ണിൽ നിന്ന് 984 ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പാനിപ്പട്ട്, ഗുജറാത്ത്, ബറൗണി എന്നിവിടങ്ങളിലെ ഉത്പാദനശേഷി വർദ്ധിപ്പിക്കും. വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി പൈപ്പ്ലൈൻ നെറ്റ്‌വർക്ക് 22,000 കിലോമീറ്ററായി ഉയർത്തും.

ഹരിതോർജത്തിന് പ്രാമുഖ്യം

2046ൽ കാർബൺ മലിനീകരണം പൂർണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഹരിത ഹൈഡ്രജൻ, സുസ്ഥിര വിമാന ഇന്ധനം, പുനരുപയോഗ ഇന്ധന ഉത്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.