കണ്ണപുരം സ്‌ഫോടനം: അനൂപിനെതിരെ നേരത്തെയും കേസുകൾ

Sunday 31 August 2025 3:20 AM IST

കണ്ണൂർ: കണ്ണപുരത്ത് സ്ഫോടനമുണ്ടായി ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വീട് വാടകയ്‌ക്കെടുത്ത അനൂപിനെതിരെ സ്‌ഫോടകവസ്തുശേഖരവുമായി ബന്ധപ്പെട്ട് ജില്ലയിൽ അഞ്ച് കേസുകൾ നിലവിലുണ്ട്.

2020 ജനുവരി 24 ന് ചാലക്കുന്നിൽ കോർപ്പറേഷൻ അധീനതയിലുള്ള ശ്മശാനപ്പറമ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൽ 230 കിലോ സ്‌ഫോടക വസ്തുകളും 30 ഗുണ്ടുകളും കണ്ടെടുത്ത സംഭവത്തിലും അനൂപിനെതിരെ ടൗൺ പൊലീസിൽ കേസുണ്ട്. അതേസമയം മുഖ്യപ്രതി അനൂപ് മാലിക് കോൺഗ്രസുമായി ബന്ധമുള്ളയാളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും കെ.സുധാകരന്റെ വലംകൈ ആയിരുന്ന ആളാണ് അനൂപെന്ന് ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാറും ആരോപിച്ചു.

എന്നാൽ സംഭവം പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് കാണിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് വിമർശിച്ചു.

വീട് വാടകക്കെടുത്തത് മൂന്നുമാസത്തേക്ക്

അനൂപ് മാലിക്കിന് മൂന്നുമാസത്തേക്കാണ് റിട്ട. അദ്ധ്യാപകൻ കീഴറയിലെ ഗോവിന്ദൻ വീട് വാടകക്ക് നൽകിയത്. ചുരുങ്ങിയ കാലയളവിലേക്ക് ആയതിനാൽ എഗ്രിമെന്റ് എഴുതിയിരുന്നില്ല. ഇതുകാരണം ആധാർ കാർഡും വാങ്ങിയിരുന്നില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.