തകര്‍പ്പന്‍ ഫോം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റ് വിജയം

Saturday 30 August 2025 11:35 PM IST

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. തൃശൂര്‍ ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ടൈഗേഴ്‌സ് സ്വന്തമാക്കിയത് സീസണിലെ അഞ്ചാം ജയമാണ്. തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊച്ചി മറികടക്കുകയായിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി സെമി ഫൈനല്‍ പ്രവേശം ഏറെക്കുറേ ഉറപ്പാക്കിയിരിക്കുകയാണ് സൂപ്പര്‍താരം സഞ്ജു സാംസണ്‍ കളിക്കുന്ന കൊച്ചി.

ഓപ്പണര്‍ വനൂപ് മനോഹരന്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 65(42) യാണ് റണ്‍ചേസില്‍ കൊച്ചിക്ക് തുണയായത്. സഹ ഓപ്പണര്‍ വിപുല്‍ ശക്തി 36(31), ക്യാപ്റ്റന്‍ സാലി സാംസണ്‍ 25*(17), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ 14*(11) മുഹമ്മദ് ഷാനു 8(9), ജോബിന്‍ ജോബി 9(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. തൃശൂരിനായി ആദിത്യ വിനോദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അജ്‌നാസ് കെ ഒരു വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ഓപ്പണര്‍ ആനന്ദ് കൃഷ്ണന്റെ അര്‍ദ്ധ സെഞ്ച്വറി 70(54) മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ അര്‍ജുന്‍ എ.കെ 39(14) റണ്‍സ് നേടി. ഓപ്പണര്‍ അഹമ്മദ് ഇമ്രാന്‍ 16(11), വരുണ്‍ നായനാര്‍ 2(5), ഷോണ്‍ റോജര്‍ 10(12), അക്ഷയ് മനോഹര്‍ 14(11) സിബിന്‍ ഗിരീഷ് 2(5) എന്നിങ്ങനെയാണ് മറ്റ് പ്രധാന താരങ്ങളുടെ സംഭാവന. കോച്ചിക്കായി ശ്രീഹരി എസ് നായരും , കെഎം ആസിഫും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.