റാന്നി വലിയപാലം : ദുരന്ത സ്മാരകം ടൂറിസം സ്പോട്ട് ആകുമോ?
റാന്നി : പമ്പാനദിക്ക് കുറുകെയുണ്ടായിരുന്ന വലിയപാലം തകർന്നിട്ട് 29 വർഷങ്ങളായി. കാലത്തിന്റെ ഓർമ്മപ്പെടുത്തലായി തകർന്ന പാലത്തിന്റെ ശേഷിപ്പുകൾ ഇരുകരകളിലുമായി നദിയിലേക്കുണ്ട്. കാടുമൂടി നശിക്കുന്ന ഈ ഭാഗങ്ങൾ വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്താനാകും.
പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് ഒരുവർഷം മുൻപ് മന്ത്രി മുഹമ്മദ് റിയാസ് ഉപേക്ഷിക്കപ്പെട്ട പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ റാന്നിയിലെ തകർന്ന പാലത്തിന്റെ കാര്യത്തിൽ മന്ത്രിയുടെ പ്രഖ്യാപനം ഫലം കണ്ടിട്ടില്ല.
1996 ജൂലായ് 29ന് ഉച്ചയ്ക്ക് ശേഷം 3.10നാണ് റാന്നി വലിയപാലം തകരുന്നത്. പാലം തകർന്നപ്പോൾ ഇരുവശങ്ങളിലുമുള്ള ഭാഗങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലനിന്നിരുന്നു. ഇവിടെ പട്ടാളം ബെയ്‌ലി പാലം നിർമ്മിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനാൽ പാലത്തിന്റെ അവശേഷിച്ച ഭാഗങ്ങൾക്ക് ബലക്ഷയമില്ലായെന്ന് വ്യക്തമാണ്.
വിനോദസഞ്ചാരത്തിന് മികച്ച അവസരം
വലിയപാലം ടൂറിസം സ്പോട്ടാക്കി മാറ്റുന്നതോടെ റാന്നിക്ക് പുതിയ മുഖമൊരുങ്ങും. പമ്പാനദിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ആളുകൾക്ക് ഒത്തുചേരാനുള്ള ഇടമായി മാറും. ഓപ്പൺ ജിം, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, കുടുംബശ്രീയുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള ഇടങ്ങൾ എന്നിവ ഒരുക്കാം. പാലത്തിന്റെ തകർന്ന ഭാഗത്ത് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.
ഉപേക്ഷിക്കപ്പെട്ട വലിയപാലം റാന്നിയുടെ വിനോദസഞ്ചാരത്തിന്
മുതൽക്കൂട്ടാകും. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
അശോകൻ, റാന്നി