ശസ്ത്രക്രിയയിലെ പിഴവ്: ചികിത്സാരേഖ തേടി പൊലീസ്

Sunday 31 August 2025 12:10 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സാരേഖകൾ ഹാജരാക്കാൻ യുവതിയോടും ആശുപത്രി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയോട് ബുധനാഴ്ച രാവിലെ 10.30ന് ഡയറക്ടറേറ്റിൽ ഹാജരാകാൻ അറിയിപ്പ് നൽകി.

കാട്ടാക്കട സ്വദേശി സുമയ്യയാണ് (26) നെഞ്ചിൽ ഗൈഡ് വയറുമായി രണ്ടര വർഷത്തിലധികമായി ദുരിതം അനുഭവിക്കുന്നത്. ഗൈഡ് വയർ നീക്കം ചെയ്യുന്നതിന് ആവശ്യമെങ്കിൽ ശ്രീചിത്രയിലെ ഡോക്ടർമാരെയും ഉൾപ്പെടുത്തും.

അതിനിടെ,​ ചികിത്സാപ്പിഴവിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്ന് ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഓപ്പറേഷൻ ചെയ്ത ഡോക്ടർക്ക് യാതൊരു പിഴവും സർജറി സമയത്തോ അതിനുശേഷമോ ഉണ്ടായിട്ടില്ല. ശ്രീചിത്രയിലെ മെഡിക്കൽ ബോർഡ് വയർ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന ഉപദേശമാണ് നൽകിയതെന്നും ഭാരവാഹികൾ പറഞ്ഞു.

ചട്ടം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ്

ഡോ. രാജീവ്‌കുമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആശുപത്രിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പാടില്ല. എന്നാൽ,​ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം വാണിജ്യ കെട്ടിടത്തിലാണ് ഡോക്ടറുടെ പ്രാക്ടീസ്. ഇതേ കെട്ടിടത്തിൽ ഫാർമസികളും പ്രവർത്തിക്കുന്നു. പരാതി ഉയർന്നതോടെ ഞായർ വരെ പ്രാക്ടീസ് ഉണ്ടായിരിക്കില്ലെന്ന അറിയിപ്പ് ക്ലിനിക്കിന് മുന്നിൽ പതിച്ചു.