വികസനരംഗത്തെ കേരളകൗമുദിയുടെ വീക്ഷണം പ്രധാനം : മന്ത്രി വാസവൻ

Sunday 31 August 2025 12:20 AM IST

കോട്ടയം : സാമ്രാജിത്വ വിരുദ്ധ സമരങ്ങളിലും ജാതി ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിലുമെല്ലാം പങ്കാളിയായിട്ടുള്ള കേരളകൗമുദി വികസന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിലും മുഖ്യപങ്ക് വഹിക്കുന്നെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരളകൗമുദി കോട്ടയത്ത് ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയായതിന്റെ ഭാഗമായി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച 'രജതോത്സവം 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനരംഗത്തെ കേരളകൗമുദിയുടെ വീക്ഷണം എടുത്തുപറയേണ്ടതാണ്. വിഴിഞ്ഞം തുറമുഖം നാടിന്റെ വികസനത്തിനായി അനിവാര്യമാണെന്ന് രേഖപ്പെടുത്തിയ ദിനപത്രങ്ങളിലൊന്നാണ് കേരളകൗമുദിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.എൻ. ബാലാജി, ഡോ.ആർ.എൻ. ശർമ്മ, ഡോ.സുജിത് ചന്ദ്രൻ, ഡോ.സുവിദ് വിത്സൺ, സരിത കിഷോർ, ഡോ.ജ്യോതികുമാർ, അനിത ബോസ് എന്നിവരെ മന്ത്രി ആദരിച്ചു. ഹോട്ടൽ പെന്റഗണിൽ നടന്ന ചടങ്ങിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തി. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായി. കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ സ്വാഗതവും പരസ്യവിഭാഗം മാനേജർ അഖിൽ രാജ് നന്ദിയും പറഞ്ഞു.