വീയപുരം ചുണ്ടൻ ജലരാജാവ്
ആലപ്പുഴ : 71-ാമത് നെഹ്റുട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാമത്. 4.21.084 മിനിട്ടിന് വീയപുരം ഒന്നാമതെത്തിയപ്പോൾ 4.21.782 മിനിട്ടാണ് നടുഭാഗത്തിന്റെ സമയം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം മൂന്നാമതും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ നാലാമതുമെത്തി. കഴിഞ്ഞവർഷം അഞ്ച് മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിനാണ് വീയപുരത്തിനും വില്ലേജ് ബോട്ട് ക്ളബിനും ഒന്നാം സ്ഥാനം നഷ്ടമായത്.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് (വി.ബി.സി) വെള്ളിക്കപ്പിൽ മുത്തമിട്ടത്. 1986ലും 87ലും കാരിച്ചാൽ ചുണ്ടനിലായിരുന്നു വി.ബി.സിയുടെ മുൻവിജയങ്ങൾ. 21ചുണ്ടൻവള്ളങ്ങൾ ഉൾപ്പടെ 75 വള്ളങ്ങൾ ജലമേളയിൽ പങ്കെടുത്തു. മന്ത്രി മുഹമ്മദ് റിയാസ് ജലമേള ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മന്ത്രി പി.പ്രസാദ് ട്രോഫികൾ സമ്മാനിച്ചു.
എൻ.എസ്.എസ് നിലപാട് ആത്മഹത്യാപരമെന്ന്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി സഹകരിക്കാനുള്ള എൻ.എസ്.എസ് നിലപാടിനെതിരെ ദേശീയ മുന്നാക്ക സമുദായ ഐക്യവേദി. അയ്യപ്പസ്വാമിയെ അവഗണിക്കുന്നതുപോലെയാണിതെന്ന് ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ പറഞ്ഞു.
അയ്യപ്പസംഗമത്തിന് പിന്തുണയുമായി എസ്.എൻ.ഡി.പി യോഗം
സംഗമത്തിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി
ചേർത്തല:തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന് എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ. സംഗമത്തിൽ പങ്കെടുക്കുമെന്നും ഇതിൽനിന്ന് ആരും വിട്ടുനിൽക്കുന്നത് ശരിയായ നടപടിയല്ലെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ പറയുന്നു.എൻ.എസ്.എസും സംഗമത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.'മുൻ്പ് എന്തുചെയ്തു ചെയ്തില്ല എന്നതിലല്ല ഇപ്പാേൾ ചെയ്യുന്നതിലാണ് പ്രസക്തി.ശരിയുടെ പക്ഷത്താണ് നിൽക്കേണ്ടത്.ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെ എത്തിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം.ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിനു മാത്രമല്ല നാടിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചക്കും ഏറെ സഹായകരമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ അയ്യപ്പഭക്തർ എത്താനുള്ള സാഹചര്യം ഒരുങ്ങും.തിരുവിതാംകൂറിൽ 1200ലധികം ക്ഷേത്രങ്ങളുണ്ടെങ്കിലും ഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ്.ശബരിമലയിലൂടെയാണ് ഇതെല്ലാം നിലനിൽക്കുന്നത്.ആ സാഹചര്യത്തിൽ ശബരിമലയുടെ വളർച്ചക്കായുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകണം.ആചാരങ്ങൾക്കും അനുഷ്ഠാനങ്ങളൾക്കും മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.കോൺഗ്രസും ബി.ജെ.പിയും സംഗമത്തിനെതിരെ രംഗത്തുവന്നിരുന്നു.