ഉടുപ്പണിഞ്ഞ് പുലിയും മാവേലിയും
കൊല്ലം: ഓണത്തെ വരവേൽക്കാൻ നാട് ഒരുങ്ങവെ വിപണിയിൽ റെഡിമെയ്ഡ് പുലികളി, മാവേലി വേഷങ്ങൾ നിറയുന്നു. ദേഹത്ത് ചായം തേയ്ക്കാതെ പുലികളിക്കാനും മാവേലിയായി അണിഞ്ഞൊരുങ്ങാനുമുള്ള വസ്ത്രങ്ങളാണ് ട്രെൻഡായിരിക്കുന്നത്. കൂടാതെ പലതരത്തിലുള്ള മുഖംമൂടികളും വേട്ടക്കാരന്റെ തോക്കും ചെണ്ടയും കിരീടവും ഒക്കെ വിപണിയിൽ ലഭ്യമാണ്.
മുഖംമൂടിയോട് കൂടിയ പുലികളി വേഷത്തിന് 300 മുതലാണ് വില. ഒരു വസ്ത്രം വാങ്ങിയാൽ പൂർണമായും പുലിയായി മാറാനാകുമെന്നതാണ് സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. പ്ലാസ്റ്റിക്, റബർ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച പല നിറത്തിലും വലുപ്പത്തിലുമുള്ള മുഖംമൂടികളും ലഭ്യമാണ്. പ്ലാസ്റ്റർ ഒഫ് പാരിസ് കൊണ്ട് നിർമ്മിച്ച വായ ചലിപ്പിക്കാൻ കഴിയുന്ന മുഖംമൂടിക്കും ആവശ്യക്കാരേറെയാണ്.
ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പുലികളി വേഷങ്ങളാണ് കടകളിൽ ഇടം പിടിച്ചിരിക്കുനനത്. പുള്ളിപ്പുലിയും വരയൻ പുലിയുമൊക്കെയുണ്ട്. മാവേലിക്കുള്ള കിരീടം നിർമ്മിക്കാനുള്ള സാമഗ്രികളും ആടയാഭരണങ്ങളും പ്രത്യേകം വാങ്ങാൻ കിട്ടും. ഇതിന് പുറമെ അലങ്കാരവസ്തുക്കൾക്കും പ്ലാസ്റ്റിക് പൂക്കൾക്കും ആവശ്യക്കാരെത്തുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും ക്ലബുകളിലും ഓണാഘോഷങ്ങൾ തുടങ്ങുന്നതോടെ ഡിമാൻഡ് വർദ്ധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
താരം ഓലക്കുട
നേരത്തെ മാവേലി, പുലികളി വേഷങ്ങൾക്കായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ ഓലക്കുടയ്ക്കും ഡിമാന്റ് കൂടുതലാണ്. 300 രൂപയിൽ തുടങ്ങി 1500 രൂപവരെ പല വലുപ്പത്തിൽ ഓലക്കുടകൾ ലഭിക്കും. ഫോട്ടോഷൂട്ടിലെ താരമാണ് ഓലക്കുട. പൂക്കൂടകളും മറ്റൊരാകർഷണമാണ്.
വില
പുലികളി വേഷം ₹ 300
ഓലക്കുട ₹ 300-1500
വേട്ടക്കാരൻ ₹ 400
മാവേലി ₹ 500
മുഖംമൂടി ₹ 30
ചെണ്ട ₹ 80
ചെറിയ തോക്ക് ₹ 40
വലിയതോക്ക് ₹ 200