വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

Sunday 31 August 2025 1:45 AM IST
കടന്നൽ

പുനലൂർ: തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ പഠന യാത്രക്കെത്തിയ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. നെയ്യാറ്റിൻകര കിഴാളൂർ എൽ.പി.എസിലെ 12 കുട്ടികളെയാണ് കടന്നൽ ആക്രമിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. 37 വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെ 55 അംഗ സംഘമാണ് ഇവിടെ എത്തിയത്. എർത്ത് ഡാമിൽ നിന്ന് കളംകുന്നിലേക്കുള്ള ട്രക്കിംഗ് റോഡിലൂടെ നടന്ന് പോകുമ്പോഴായിരുന്നു റോഡ് വശത്തെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി കുട്ടികളെ കുത്തിയത്. സംഭവം അറിഞ്ഞ് വനപാലകർ എത്തി പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി വിട്ടയച്ചു.