പാരിപ്പള്ളി മെഡിക്കൽ കോളേജിൽ: പേ വാർഡ് ഉടൻ

Sunday 31 August 2025 1:46 AM IST
ആശുപത്രി

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പേ വാർഡ് സമുച്ചയം സജ്ജമായി. വ്യത്യസ്ത വിസ്തൃതികളിൽ മൂന്ന് വിഭാഗങ്ങളായാണ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മുറികൾ രോഗികൾക്ക് അനുവദിച്ച് തുടങ്ങും. പേ വാർഡ് സമുച്ചയത്തിലെ അഞ്ച് മുറികൾ എയർ കണ്ടീഷൻ സംവിധാനമുള്ളതാണ്. ലിഫ്ട് സൗകര്യമുള്ള കെട്ടിടത്തിലെ എല്ലാ മുറികളിലും രണ്ട് കിടക്കകളുണ്ട്. കെട്ടിടത്തിലെ മൂന്ന് നിലകളിലും നഴ്സിംഗ് സ്റ്റേഷനുകളുണ്ട്. മുറിവാടക അന്തിമമായി നിശ്ചയിച്ചിട്ടില്ല. മെഡിക്കൽ കോളേജിലെ മറ്റ് കെട്ടിടങ്ങൾക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് ഇ.എസ്.ഐ കോ‌ർപ്പറേഷൻ നിർമ്മിച്ചതാണ് പേ വാർഡ് കെട്ടിടം. എന്നാൽ വൈദ്യുതീകരണം, പ്ലബിംഗ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നില്ല. കൊവിഡ് സമയത്ത് ക്വാറന്റയിൻ കേന്ദ്രമായി ഉപയോഗിച്ചു. ഇപ്പോൾ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവർത്തനയോഗ്യമാക്കിയത്.

ഒരാഴ്ചയ്ക്കുള്ളിൽ തുറക്കും

 എ, ബി,​ സി ഗ്രേഡിൽ മുറികൾ

 ഒരാഴ്ചയ്ക്കുള്ളിൽ മുറികൾ അനുവദിച്ച് തുടങ്ങും

 ബുക്കിംഗ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി മുഖേന

 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും

ആകെ മുറികൾ-23

24 X7 ഫാർമസി

ഹോസ്പിറ്റൽ മാനേജ്മെന്റ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്രാൻഡഡ് മരുന്നുകൾ മാത്രം ലഭിക്കുന്ന ഫാർമസിയും ഉടൻ തുറക്കും. ഇവിടെ എല്ലാ മരുന്നുകൾക്കും 50 ശതമാനം വിലക്കുറവുണ്ടാകും. സർക്കാരാകും മരുന്ന് വാങ്ങി നൽകുക.

ലക്ഷ്യ ഓപ്പറേഷൻ തീയേറ്റർ

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഗൈനക്ക് സർജറികൾ പൂർണമായും സൗജന്യമായി നടത്തുന്ന ലക്ഷ്യ ഓപ്പറേഷൻ തീയേറ്ററിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലെത്തി. നേരത്തെ ലേബർ റൂമിലായിരുന്നു ഗൈനക്ക് ശസ്ത്രക്രിയകൾ നടന്നിരുന്നത്.

മെഡിക്കൽ വിദ്യാർത്ഥികൾക്ക് അക്കാഡമിക് പാർക്ക്, രോഗികൾക്കായി സൈക്കോളജിക്കൽ റീഹാബിലിറ്റേഷൻ പാർക്ക് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമേ 15 കോടി ചെലവിൽ എം.ആർ.ഐ സ്കാനിഗ് സംവിധാനങ്ങളും ഉടൻ സ്ഥാപിക്കും.

പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ