കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട കാർ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം റേസിംഗിനിടെ?

Sunday 31 August 2025 7:02 AM IST

തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരു മരണം. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ യുവതിയടക്കം രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അർദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം.

നിയന്ത്രണംവിട്ട കാർ എലിവേറ്റഡ് ഹൈവേയുടെ തൂണിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഷിബിനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഷിബിനെ കൂടാതെ ബാലരാമപുരം സ്വദേശികളായ രജനീഷ്, കിരൺ, അഖില, ശ്രീലക്ഷ്മി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം അമിതവേഗത്തിലായിലായിരുന്നു. കാർ റേസിംഗിനിടെയാണോ അപകടമുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം തുടങ്ങി. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.