'എല്ലാ  പ്രതിബന്ധങ്ങളെയും  സർക്കാർ  മറികടന്നു';  വയനാട് തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Sunday 31 August 2025 5:51 PM IST

കൽപ്പറ്റ: സമഗ്ര വികസനത്തിനും മലയോര ജനതയുടെ യാത്രയ്ക്കും വഴിതുറക്കുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വൈകിട്ട് നാലിന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂളിലാണ് ചടങ്ങ് നടന്നത്. പാത വരുന്നതോടെ,​ ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയിലൂടെ ചരക്കുനീക്കം എളുപ്പമാകും.

വയനാട് തുരങ്കപാത വികസനത്തിന് കുതിപ്പാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയത് സർക്കാർ നടപ്പിലാക്കും. പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ദുരനുഭവങ്ങളാണുണ്ടായത്. വായ്‌പയെടുക്കാനുള്ള അർഹത കേന്ദ്രം നിഷേധിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും സർക്കാർ മറികടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആനക്കാംപൊയിൽ കള്ളാടി- മേപ്പാടി തുരങ്ക പാത നാലുവർഷംകൊണ്ട് പൂർത്തിയാക്കും. 8.11 കിലോമീറ്ററിൽ ഇരട്ട തുരങ്കപാതയാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്ററാണുള്ളത്. പാതയുടെ 5.58 കിലോമീറ്റർ വയനാടും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.

ഇരുവഴിഞ്ഞി പുഴയിൽ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. വനഭൂമിയുൾപ്പെടെ 33 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ജൂൺ 18ന് ലഭിച്ചിരുന്നു. വയനാട്ടിൽ മേപ്പാടി-ചൂരൽമല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായി കോഴിക്കോടിനെയും.

ഭോപ്പാലിലെ ദിലിപ് ബിൽഡ്‌കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ടചുമതല. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിലിനെത്തുടർന്ന് വാഹനയാത്ര മുടങ്ങുന്നതിനാൽ തുരങ്ക പാത വലിയൊരു അനുഗ്രഹമാകും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എൻ ബാലഗോപാൽ, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികസമുദായ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, എംഎൽഎമാരായ ടി സിദ്ദിഖ്, ലിന്റോ ജോസഫ്, പിടിഎ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.