പൊലീസ്‌നായയുമായി പരിശോധന: പ്ലാറ്റ്ഫോമിൽ 13 കിലോ കഞ്ചാവ് ഉപേക്ഷിച്ചു

Monday 01 September 2025 12:57 AM IST
പൊലീസ് പരിശോധ

കൊച്ചി: പ്ലാറ്റ്ഫോമിൽ റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെ 13.480 ഗ്രാം കഞ്ചാവ് ഉപേക്ഷിച്ച് ലഹരികടത്ത് സംഘം കടന്നു. കഴിഞ്ഞദിവസം രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.

ഓണക്കാലത്ത് ട്രെയിൻമാർഗം വൻതോതിൽ ലഹരി കടത്ത് സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് നായ ഉൾപ്പെട്ട റെയിൽവേ പൊലിസ് സംഘമാണ് പ്ലാറ്റ്ഫോമിൽ പരിശോധന നടത്തിയത്. ഇതിനിടെ, ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് സ്റ്റേഷൻമാസ്റ്ററുടെ താത്കാലിക ഓഫിസിന് മുന്നിലെ കമ്യൂണിക്കേഷൻ ജംഗ്ഷൻ ബോക്സിന് സമീപം ഉടമയില്ലാത്ത നിലയിൽ കാണപ്പെട്ട ട്രോളിബാഗും ബായ്ക്ക് പായ്ക്ക് ബാഗും പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കിട്ടിയത്.

പൊലീസ് പരിശോധന കണ്ട് പിടിക്കപ്പെടാതിരിക്കാൻ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാണെന്ന് സംശയിക്കുന്നു. കഴിഞ്ഞയാഴ്ച എറണാകുളം നോർത്ത് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 5 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടിടത്തും സി.സി ടി.വി ക്യാമറയില്ലാത്ത ഭാഗത്താണ് കഞ്ചാവ് കാണപ്പെട്ടതെന്ന് എറണാകുളം റെയിൽവേ പൊലീസും ആർ.പി.എഫും അറിയിച്ചു.