അതുല്യയുടെ മരണം: സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ

Monday 01 September 2025 12:28 AM IST

കൊല്ലം: ഷാർജയിൽ തൂങ്ങിമരിച്ച തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഭർത്താവ് സതീഷ് മദ്യലഹരിയിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ''നിന്നെ ഞാൻ എവിടെയും വിടില്ല. കുത്തി മലർത്തി ജയിലിൽ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാൻ സമ്മതിക്കില്ല. ക്വട്ടേഷൻ നൽകിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട'' എന്നാണ് സതീഷ് പറയുന്നത്. അതുല്യയെ അടിക്കുന്നതും മർദ്ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ജൂലായ് 19 നാണ് അതുല്യയെ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി തെക്കുംഭാഗം പൊലീസ് കേസെടുത്തെങ്കിലും, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.