12 മണിക്കൂർ കിണറ്റിലായ കാട്ടാനയെ രക്ഷിച്ചു

Monday 01 September 2025 12:29 AM IST

കോതമംഗലം: മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ കോട്ടപ്പാറയിൽ, വീട്ടിലെ കിണറ്റിൽ വീണ കാട്ടുകൊമ്പനെ 12 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. കോട്ടപ്പാറ പ്ലാന്റേഷന് സമീപം വിച്ചാട്ട് വർഗീസിന്റെ പുരയിടത്തിലെ കിണറിലാണ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ 15വയസുള്ള കൊമ്പൻ വീണത്. ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ ഇടതു വശം ഇടിച്ചുനിരത്തിയപ്പോൾ കരയ്‌ക്കു കയറിയ ആന റബർ തോട്ടത്തിലൂടെ വനത്തിലേക്ക് പോയി. ഇടുങ്ങിയ കിണറ്റിലാണ് വീണതെങ്കിലും ആനയ്‌ക്ക് കാര്യമായ പരിക്കില്ല. 11 മണിയോടെ തുടങ്ങിയ രക്ഷാദൗത്യം 2മണിക്ക് പൂർത്തിയായി.

സ്ഥലം ഉടമയ്‌ക്ക് ഒരു ലക്ഷം നഷ്ടപരിഹാരവും കിണർ പുനർനിർമ്മിച്ചു നൽകാമെന്നും കളക്ടർ ജി. പ്രിയങ്ക എം.എൽ.എയുമായി സംസാരിച്ച ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.