കൊച്ചിയിലെ മോഡലിനെ പീഡിപ്പിച്ചത് റാമ്പ് വാക്കിൽ അവസരം വാഗ്ദാനം ചെയ്ത്
കൊച്ചി: പീഡനക്കേസിൽ കീഴടങ്ങിയപ്പോൾ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട തൃശൂർ കൈപ്പമംഗലം സ്വദേശി ഷോബി (പ്രശോഭ്) മോഡൽ രംഗത്തെ യുവതിയെ പീഡിപ്പിച്ചത് അവസരങ്ങൾ വാഗ്ദാനം ചെയ്ത്. മൂന്ന് ദിവസം എറണാകുളം നോർത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
റാമ്പ് വാക്കിലുൾപ്പെടെ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞാണ് യുവതിയെ പ്രലോഭിപ്പിച്ചത്. തുടർന്ന് എറണാകുളം നോർത്തിലെ ലോഡ്ജിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു. പീഡനത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷോബിയുമായി ലോഡ്ജിൽ തെളിവെടുപ്പ് നടത്തി.
യുവതിയുടെ മൊഴിയിൽ ഇയാൾക്കെതിരെ മാനഭംഗത്തിനുൾപ്പെടെ കേസെടുത്തിരുന്നു. സമാന കേസിൽ കാസർകോട് പൊലീസിന്റെ പിടിയിലായി ജാമ്യത്തിൽ കഴിയുന്ന ഷോബി ശനിയാഴ്ച എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയിൽ കീഴടങ്ങിയപ്പോഴാണ് മൂന്ന് ദിവസത്തേക്ക് നോർത്ത് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
ഓൺലൈൻ പ്ലാറ്റ്ഫോം മുഖേനയാണ് പ്രതി മോഡലിംഗിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ വലയിൽ വീഴ്‌ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് ഫോണുകൾ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
എറണാകുളത്ത് താമസിക്കുന്ന മോഡലിനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ ഫോണുകൾ പരിശോധിക്കാൻ സി.ജെ.എം കോടതിയുടെ അനുമതിയോടെ സൈബർ ഫോറൻസിക് വിഭാഗത്തിന് അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.