സ്വാമി വീരേശ്വരാനന്ദയ്ക്ക് അവാർഡ് സമ്മാനിച്ചു
ദുബായ് : കാമൽ ഇന്റർനാഷണൽ എക്സലൻസ് അവാർഡും ,അറേബ്യൻ വേൾഡ് റെക്കോർഡും ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയ്ക്ക് സമ്മാനിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം ലോകമെമ്പാടും എത്തിക്കുകയെന്ന ശിവഗിരിമഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷത്തിന് നേതൃത്വം നൽകിയതിനുള്ള ആദരമായാണ് പുരസ്‌കാരം.
ദുബായിലെ ക്വീൻ എലിസബത്ത് -2 ഷിപ്പിൽ നടന്ന ചടങ്ങിൽ ഷാർജയിലെ രാജകുടുംബാംഗവും ഷാർജ കാമൽ റേസിംഗ് ക്ലബ്ബ് ചെയർമാനുമായ ഷെയ്ഖ് മതാർ ബിൻ ഹുവൈദൻ അൽ കെത്ബിയിൽ നിന്നും പുരസ്‌കാരങ്ങൾ സ്വാമി വീരേശ്വരാനന്ദ ഏറ്റുവാങ്ങി. അതിർവരമ്പുകളില്ലാതെ ലോകത്തിന്റെ നെറുകയിൽ ഗുരുദർശനത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ തനിക്ക് അവസരം സിദ്ധിച്ചത് ഗുരുദേവന്റെ അനുഗ്രഹത്താലും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ പിന്തുണയാലും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തിലുമിണെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. മേജർ ഡോ. സാലെഹ് ജുമാ ബെൽഹാജ് അൽ മരാഷ്ദ (ഷാർജ പൊലീസ്) , ഷെയ്ഖ് അമ്മാർ ബിൻ സാലിം അൽ ഖാസിമിയുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ . ബദർ അബ്ദുള്ള കമ്മിസ് (യു.എ.ഇ ഫുട്ബോൾ അസോസിയേഷൻ ഡിസിപ്പ്ലിൻ കമ്മിറ്റിയംഗം )അബ്ദുള്ള അൽ ജഫാലി(അറബ് ആക്ടർ) എന്നിവർ പങ്കെടുത്തു.