അരി, പലവ്യജ്ഞനം, പച്ചക്കറി വിലക്കുറവിൽ; ഹാപ്പി ഓണം

Monday 01 September 2025 12:03 AM IST

തിരുവനന്തപുരം: കിലോ 52 രൂപയാണ് മട്ട അരിയുടെ മൊത്തവിപണിവില. ചില്ലറ വിപണിയിൽ 58 വരെയാകും. പക്ഷേ, സർക്കാരിന്റെ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകളിലും സഹകരണ ചന്തകളിലും 33 രൂപയ്ക്ക് മട്ട അരി കിട്ടും. 13 ഇനം സാധനങ്ങൾക്ക് സബ്സിഡിയും മറ്റുള്ളവയ്ക്ക് വിലക്കുറവുമുണ്ട്.

ആഗസ്റ്റിലെ സബ്സിഡി സാധനങ്ങൾ വാങ്ങാത്തവ‌ർക്ക് സെപ്തംബറിലെ വിഹിതവും ചേർത്ത് സപ്ലൈകോയിൽ വാങ്ങാമെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. രണ്ടു മാസത്തെ വിഹിതം വാങ്ങിയിട്ടും തികഞ്ഞില്ലെങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകളിലോ സഹകരണ ചന്തകളിലോ അതേ 13 ഇനങ്ങൾ അതേ സബ്സഡി വിലയിൽ വാങ്ങാമെന്നും അറിയിച്ചു.

പച്ചക്കറി, പഴം വില പിടിച്ചു നിറുത്തി ഹോർട്ടികോ‌ർപ്പും വി.എഫ്.പി.സി.കെയും നടത്തുന്ന മേളകളിൽ പൊതുവിപണിയെക്കാൾ 30% വിലകുറവാണ്. നാസിക്കിൽ നിന്നും നേരിട്ടാണ് ഹോർട്ടികോർപ്പ് സവാള എത്തിക്കുന്നത്. പ്രദേശികമായി ലഭിക്കുന്നതിനു പുറമെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ കർഷക സംഘങ്ങളിൽ നിന്നും നേരിട്ടാണ് പച്ചക്കറി എത്തിക്കുന്നതെന്ന് ചെയർമാൻ എസ്.വേണുഗോപാൽ പറഞ്ഞു. കൃഷിവകുപ്പ് ഓഫീസുകളിൽ ഹോർട്ടി കോർപ്പ് മേളകളും പ്രാദേശിക ഉത്പന്നങ്ങളുമായി കുടുംബശ്രീ വിപണന മേളകളും നടന്നു.

300 കോടിയിലധികം കച്ചവടം

സപ്ലൈകോ ലക്ഷ്യമിട്ടിരുന്ന 300 കോടി രൂപയുടെ ഓണക്കച്ചവടം ഇന്നലെ മറികടന്നു. എല്ലാ നിയോജമണ്ഡലങ്ങളിലും ഇന്നലെ മുതൽ സപ്ലൈകോ ഓണച്ചന്ത തുറന്നു. സപ്ലൈകോയിലെ എല്ലാ വിപണന കേന്ദ്രങ്ങളും ഓണച്ചന്തകളായാണ് പ്രവർത്തിക്കുന്നത്.കൺസ്യൂമർഫെഡും ലക്ഷ്യമിടുന്നത് 300 കോടിയാണ്. എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഓണച്ചന്ത ആരംഭിച്ചു. ഹോർട്ടി കോർപ്പ് 50 കോടിയുടെ വില്പനയും കുടുംബശ്രീ 30 കോടിയുടെ വില്പനയും പ്രതീക്ഷിക്കുന്നു.

മേളകൾ

ഇങ്ങനെ

സപ്ലൈകോ- 1770+ 67 സഞ്ചരിക്കുന്ന മാവേലി സ്റ്റോർ

കൺസ്യൂമർ ഫെഡ്- 1800

ഹോർട്ടികോർപ്പ് + കൃഷിവകുപ്പ് 1840

വി.എഫ്.പി.സി.കെ 160

കുടുംബശ്രീ 2000