ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രധാനമന്ത്രിയുടെ വിരുന്ന്‌

Monday 01 September 2025 12:11 AM IST

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേദിവസം എൻ.ഡി.എ സഖ്യ എം.പിമാർക്ക് വിരുന്ന് നൽകാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 9ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 8ന് വിരുന്ന് നൽകാനാണ് തീരുമാനം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യകക്ഷികളുമായി ബന്ധം ശക്തിപ്പെടുത്തി,സമവായം ഉണ്ടാക്കി എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വോട്ട് ഉറപ്പാക്കാനാവും അത്താഴവിരുന്നിനിടെ ശ്രമിക്കുക. മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച് ജസ്റ്റിസ് സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ 50 ശതമാനത്തിലേറെ വോട്ട് നേടണം. വിപ്പ് ബാധകമല്ലാത്ത തിരഞ്ഞെടുപ്പായതിനാൽ എം.പിമാർക്ക് ഏത് സ്ഥാനാർത്ഥിക്ക് വേണമെങ്കിലും വോട്ട് ചെയ്യാം.