മാങ്കൂട്ടത്തിലിൻ്റെ ഇരയായി ചിത്രീകരിക്കാൻ ശ്രമമെന്ന് സി.പി.ഐ വനിതാ നേതാവ്

Monday 01 September 2025 12:14 AM IST

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇരയായി തന്നെയും ചിത്രീകരിക്കാൻ ഒരു പ്രമുഖ

ചാനലിന്റെ ശ്രമമെന്ന് സി.പി.ഐ വനിതാ നേതാവ്. അടൂരിൽ രാഹുലിന്റെ വീടുള്ള പ്രദേശത്തെ ജില്ലാ പഞ്ചായത്തംഗമായ ജി. ശ്രീനാദേവി കുഞ്ഞമ്മയാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ചാനൽ വനിതാ റിപ്പോർട്ടറുമായുള്ള ഫോൺ സംഭാഷണം അറിയിച്ചത്.

പോസ്റ്റ് ഇങ്ങനെ - “മൂന്ന് ദിവസം മുമ്പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടർ എന്നെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകർ പറഞ്ഞറിഞ്ഞെന്ന് പറഞ്ഞാണ് വിളിച്ചത്.ഞാൻ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും കേട്ടതായി പറഞ്ഞു. പരാതി ഞങ്ങളോട് പറഞ്ഞാൽ മതിയെന്നും വ്യക്തമാക്കി. തനിക്ക് ഒരു പരാതിയും ഇല്ലാതിരിക്കെ,

പരാതിയുണ്ടോ എന്ന് ചോദിച്ച് വരുന്നത് ശരിയല്ല. നിങ്ങൾക്ക് ദുരനുഭവം ഉണ്ടായില്ലേയെന്ന ചോദ്യമുയർത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ചാനലിനെതിരെ പൊലീസ് കേസെടുക്കണം .സാങ്കല്പിക ഇരകളെ സൃഷ്ടിച്ച് ഇര പിടിയനായി മാറരുത്. ഇതെല്ലാം ഒരുജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സത്യസന്ധമായ പരാതിയുള്ളവർ മുന്നോട്ട് വരട്ടെ", .

പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്, പരാതിക്കാരെ സൃഷ്ടിക്കുന്നവർക്ക്

എതിരെ കൂടി അന്വേഷണം നടത്തണമെന്നും, നിരപരാധികളെ അപമാനിക്കാൻ ശ്രമിക്കരുതെന്നും പോസ്റ്റിൽ പറയുന്നു.