അഖില കേരള ചെമ്മാൻ സമാജം
തിരുവനന്തപുരം: അഖില കേരള (ഹിന്ദു) ചെമ്മാൻ സമാജത്തിന്റെ (എ.കെ.സി.എസ്) 51-ാം വാർഷിക പൊതുയോഗം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ മുൻ സംസ്ഥാന പ്രസിഡന്റ് എസ്.രാഘവൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സി.സോമൻ (രക്ഷാധികാരി), എം.സുരേഷ് കുമാർ (പ്രസിഡന്റ്), ടി.മോഹൻ, പ്രദീപ് രാജ് (വൈസ് പ്രസിഡന്റുമാർ), അഡ്വ.എസ്.സതീഷ് കുമാർ (ജനറൽ സെക്രട്ടറി), എസ്.ബാവൻ, എ.ആർ.വിദ്യാപതി (സെക്രട്ടറിമാർ), എസ്.നളിനകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഒരു മാസത്തെ പെൻഷൻ ഉത്സവബത്തവേണം:പെൻഷനേഴ്സ് മഹാസംഘ്
തിരുവനന്തപുരം: ഓണത്തിന് ഒരു മാസത്തെ പെൻഷൻ ഉത്സവബത്തയായി നൽകണമെന്ന് ഭാരതിയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.എ കുടിശ്ശിക അനുവദിക്കാത്തതിലും മെഡിസെപ്പിന്റെ അപാകതകൾ പരിഹരിക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം.വേണുഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശിവൻകുട്ടി നായർ, ജനറൽ സെക്രട്ടറി എം.വിജയകുമാർ, രക്ഷാധികാരികളായ എം.വിജയകുമാരൻ നായർ, പി.കെ.രഘുവർമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
വടകരയിൽ വീട് ആക്രമിച്ചത് പരാജയ ജാള്യത മറയ്ക്കാൻ: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വടകര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റിന്റെ വീടിന് നേരെയുണ്ടായ ആക്രമണം പരാജയത്തിന്റെ ജാള്യത മറയ്ക്കാനും മായ്ക്കാനും വേണ്ടി നടത്തിയതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടാകും. മുമ്പ് നടന്ന അക്രമ സംഭവങ്ങളിൽ അധികാരികളുടെ ഭാഗത്തുനിന്ന് നിയമനടപടിയൊന്നും ഉണ്ടാകാതിരുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ഇതിനെതിരെ സംസ്ഥാനത്തെ മുഴുവൻ എസ്.എൻ.ഡി.പി യൂണിയനുകളുടെയും പ്രതിഷേധം അലയടിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നൽകി.
വടകരയിലെ ആക്രമണത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു: അരയാക്കണ്ടി സന്തോഷ്
ആലപ്പുഴ: വടകരയിൽ എസ്.എൻ.ഡി.പി യൂണിയൻ നേതാവിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.