ഓണം ഘോഷയാത്ര ഗവർണർ ഫ്ളാഗ് ഓഫ് ചെയ്തേക്കും

Monday 01 September 2025 12:00 AM IST

തിരുവനന്തപുരം: ഓണവാരാഘോഷത്തിന് സമാപനം കുറിച്ചുള്ള ഘോഷയാത്ര സെപ്തംബർ 9ന് ഗവർണർ അർലേക്കർ ഫ്ളാഗ് ഓഫ് ചെയ്തേക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഗവർണർ ഇന്ന് രാത്രി ഗോവയിൽ നിന്ന് തിരിച്ചെത്തും. നാളെ മന്ത്രിമാരായ വി.ശിവൻകുട്ടി,പി.എ. മുഹമ്മദ് റിയാസ്,ജി.ആർ. അനിൽ എന്നിവർ നേരിട്ട് രാജ്ഭവനിലെത്തെി ഔദ്യോഗികമായി ക്ഷണിക്കും. ഗവർണർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. രാജ്ഭവനിൽ നിന്ന് ഇത് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്.

ക്ഷണിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം

ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണറെ ക്ഷണിക്കുമെന്ന്‌ മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കില്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ടൂറിസം വകുപ്പ് ഡയറക്ടർ ചടങ്ങിലേക്ക് ഗവർണറെ ഔദ്യോഗികമായി ക്ഷണിക്കാൻ അനുമതി തേടി കത്തയച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ചൊവ്വ വൈകിട്ട്‌ നാലിന്‌ കൂടിക്കാഴ്ചക്ക്‌ അനുമതി നൽകി ഗവർണറുടെ ഓഫീസ് വാട്ട്‌സാപ് വഴി മറുപടി നൽകുകയും ചെയ്തു.