കെട്ടിട നികുതി : 2.5% വിഹിതം ഇൻഫർമേഷൻ മിഷന് നൽകാൻ ശുപാർശ

Monday 01 September 2025 12:00 AM IST

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതിയിൽ നിന്ന് 2.5 ശതമാനം ഇൻഫർമേഷൻ കേരള മിഷന് നൽകാൻ തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ചെയർപേഴ്സണായ കമ്മിറ്റിയുടെ ശുപാർശ. സർക്കാർ ഒരു ശതമാനം അനുവദിക്കുമെന്നാണ് സൂചന. 2024-25ലെ കെട്ടിട നികുതി വരുമാനം അടിസ്ഥാനമാക്കിയാൽ ഒരു ശതമാനമെന്നത് 28.36 കോടി രൂപ വരും.

തദ്ദേശ സ്ഥാപനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന മിഷന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് നികുതി വരുമാനത്തിൽ നിന്ന് അഞ്ചു ശതമാനം ആവശ്യപ്പെട്ടാണ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള ചെയർപേഴ്സണായി രൂപീകരിച്ച

കമ്മിറ്റിയിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, അർബൺ ഡയറക്ടർ സൂരജ് ഷാജി, പഞ്ചായത്ത് ഡയറക്ടർ അപൂർവ ത്രിപാഠി, മിഷൻ കൺട്രോളർ ടിമ്പിൾ മാഗി.പി.എസ് എന്നിവരാണ് അംഗങ്ങൾ.

ഇൻഫർമേഷൻ കേരള മിഷനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ശമ്പളം മുടങ്ങുന്ന സ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് നികുതി വിഹിതം നൽകുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ വികസന ഫണ്ടിന്റെ 0.25ശതമാനവും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ 0.1ശതമാനവും നൽകണമെന്ന് ഉത്തരവുണ്ടെങ്കിലും നൽകുന്നില്ലെന്ന് അധികൃതർ പറയുന്നു. ബഡ്ജറ്റ് വിഹിതവും പൂർണമായി ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.ഈ സാഹചര്യത്തിലാണ് കെട്ടിട നികുതി വിഹിതം അനുവദിക്കുന്നത്.