കേരള- കർണ്ണാടക അന്തർ സംസ്ഥാന പാതയ്ക്കായി  വനം മന്ത്രിയെ കണ്ട് മലനാട് വികസന സമിതി 

Monday 01 September 2025 12:16 AM IST
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കണ്ട് മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട് നിവേദനം നൽകുന്നു

കാസർകോട്: കേരളത്തെയും കർണ്ണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയ്ക്കായി വനഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെ നേരിൽക്കണ്ട് മലനാട് വികസന സമിതി. ടൂറിസം മേഖലയുടെ വികസനത്തിനും ചരക്ക് നീക്കത്തിനും യാത്രാപ്രശ്നം പരിഹരിക്കുന്നതിനും ഏറെ പ്രയോജനകരമാകുന്ന പാണത്തൂർ- കല്ലപ്പള്ളി- സുള്ള്യ റോഡ് നിർമ്മിക്കണമെന്നാണ് ആവശ്യം.

കർണ്ണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന പാണത്തൂരിൽ നിന്നും പ്രധാന വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രമായ സുള്ള്യ ടൗണിലേക്ക് അഞ്ച് സർക്കാർ ബസുകളും രണ്ട് സ്വകാര്യ ബസുകളും നിലവിൽ സർവ്വീസ് നടത്തുന്നുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മടിക്കേരി, മൈസൂർ, ബംഗളൂരു, പുത്തൂർ, മംഗളൂരു, ശൃംഗേരി തുടങ്ങിയ പ്രദേശങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കും ധാരാളം ആളുകൾ ആശ്രയിക്കുന്ന റൂട്ടുമാണിത്.

ഈ അന്തർ സംസ്ഥാന പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കേരളത്തിന്റെ ഭാഗമായി വരുന്ന 10.5 കിലോമീറ്റർ ഭാഗത്ത് കേരള വനം വകുപ്പ് ദീർഘകാലമായി പാട്ടത്തിന് നൽകിയ പ്ലാന്റേഷൻ കോർപ്പറേഷൻ സ്ഥലവും വനം വകുപ്പിന്റെ അധീനതയിലുള്ള മൂന്നര കിലോമീറ്റർ ഭൂമിയും വിട്ടുകൊടുക്കേണ്ടിവരും. നിലവിൽ എട്ട് മീറ്റർ വീതിയിലാണ് ഇവിടെ റോഡുള്ളത്. പുതിയ കോറിഡോർ പദ്ധതിക്ക് വേണ്ടി ജനപ്രതിനിധികളുടെ പിന്തുണയോടെ ഒരു അന്തർ സംസ്ഥാന കോറിഡോർ കോ ഓഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

റോഡിന് വീതി കൂട്ടാൻ വനംവകുപ്പ് ഭൂമി വിട്ടുകൊടുക്കാതെ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കില്ല. ഈ വസ്തുത കണക്കിലെടുത്താണ് മലനാട് വികസന സമിതി കേരള വനം വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്. വിഷയം പഠിച്ചതിനു ശേഷം വേണ്ടത് ചെയ്യാമെന്ന് മന്ത്രി വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട്, ജനറൽ കൺവീനർ ബാബു കദളിമറ്റം എന്നിവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

റോഡിനുവേണം 15 മീറ്റർ വീതി

പാണത്തൂർ-കല്ലപ്പള്ളി-ബേഡഡുക്ക- പരാജെ അന്തർ സംസ്ഥാന ഇടനാഴി പദ്ധതിയും നേരിടുന്ന പ്രധാന തടസം കേരള വനം വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ റോഡിന് വീതിയില്ലാത്തതാണ്. ഭാവിയിൽ റവന്യു വരുമാനം കിട്ടുന്നതും വികസന രംഗത്ത് വലിയ കുതിപ്പ് ഉണ്ടാക്കുന്നതും കാർഷിക, വാണിജ്യ, വിദ്യാഭ്യാസ രംഗങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതുമായ അന്തർ സംസ്ഥാന പാതയ്ക്ക് വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ റോഡിന്റെ വീതി 15 മീറ്റർ നിശ്ചയിച്ചു വിട്ടുകൊടുക്കേണ്ടി വരും.