ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കാൻ 10 വിദേശ വ്ലോഗർമാരെ എത്തിക്കും

Monday 01 September 2025 12:36 AM IST

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താൻ സമൂഹ മാദ്ധ്യമങ്ങളിൽ തിളങ്ങും താരങ്ങളായ വിദേശ വ്ളോഗർമാരെ നാട്ടിലെത്തിക്കാൻ കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ) ഒരുങ്ങുന്നു. തായ്‌ലൻഡിലെ 10 വ്‌ളോഗർമാരെയാണ് കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചരണത്തിനായി എത്തിക്കുക.

തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ടൂറിസം ഉച്ചകോടിയിൽ ബെസ്റ്റ് ഏഷ്യ ഡി.എം.സി തായ്‌ലൻഡുമായി ധാരണയായെന്ന് എം.കെ.ടി.എ പ്രസിഡന്റ് അനി ഹനീഫും സെക്രട്ടറി ദിലീപ് കുമാറും പറഞ്ഞു. തായ്‌ലൻഡിലെ അധികം അറിയപ്പെടാത്ത ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്ന ഉച്ചകോടിയിൽ കേരളത്തിലെ ടൂറിസം സാദ്ധ്യതകൾ എം.കെ.ടി.എ അവതരിപ്പിച്ചു. കേരളത്തിൽ നിന്ന് 68 ടൂർ ഓപ്പറേറ്റർമാർ ഉച്ചകോടിയിൽ പങ്കെടുത്തു. ബാങ്കോക്കിൽ നിന്ന് 300 കിലോമീറ്റർ മാറിയുള്ള കാഞ്ചനബുരിയുടെ ടൂറിസം മേഖലകൾ, കാഞ്ചൻബുരി വാർ സെമിട്രി, മൊൻ വില്ലേജ്, റിവർ കവായ് ബ്രിഡ്ജ്, മല്ലിക സിറ്റി, ഡെത്ത് റെയിൽ എന്നിവിടങ്ങളിൽ കേരളത്തിൽ നിന്നുള്ള സംഘം സന്ദർശനം നടത്തി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര സ്മാരകങ്ങളും കാടിന്റെ വശ്യതയും ട്രൈബൽ സമൂഹത്തിന്റെ വൈവിധ്യ സംസ്‌കാരങ്ങളുമൊക്കെ ഇടകലർന്ന കാഞ്ചനബുരി കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണെന്ന് ബെസ്റ്റ് ഏഷ്യ ഡി.എം.സി തായ്‌ലൻഡ് എം.ഡി ബൈ ചിൻസ് പറഞ്ഞു. എ.കെ.ടി.എ രക്ഷാധികാരി രവികുമാർ, ട്രഷറർ കെ.ആർ. ആനന്ദ്. ജോയിന്റ് സെക്രട്ടറി പ്രദീപ്, വൈസ് പ്രസിഡന്റ് സുബോധ് ജോർജ് എന്നിവരും യാത്രയ്ക്ക് നേതൃത്വം നൽകി.