ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 281 പോക്‌സോ കേസുകൾ
മലപ്പുറം: ജില്ലയിൽ ഈ വർഷം ജൂലായ് വരെ റിപ്പോർട്ട് ചെയ്തത് 281 പോക്‌സോ കേസുകളെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറം ജില്ലയിലാണ്. 103 കേസുകൾ റിപ്പോർട്ട് ചെയ്ത വയനാട് ജില്ലയിലാണ് കുറവ് കേസുകൾ. കഴിഞ്ഞ വർഷം 504 കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ വർഷവും മലപ്പുറം ജില്ലയിലായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2, 811 കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോക്‌സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർദ്ധിച്ചത് കാരണം കേസ് നൽകാൻ മടിക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ട്. പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീണ്ടുപോകുന്നതിനാൽ ഇരകളായ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോവുന്ന സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോവാൻ അധിക പേരും താല്പര്യപ്പെടുന്നില്ല. കോടതിക്ക് പുറത്ത് വച്ച് തന്നെ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുന്നവയും ഉണ്ട്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലാവാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ഓരോ വർഷവും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം
2021 - 462 2022 - 526 2023 -499 2024 - 504
2025 - 281