ഓണച്ചന്തയ്ക്ക് തീപിടിച്ചു
Monday 01 September 2025 12:33 AM IST
ക്ലാപ്പന: ഓച്ചിറ വയനകം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1483 ൽ ഉണ്ടായ തീപിടിത്തത്തിൽ ഓണച്ചന്തയ്ക്ക് വേണ്ടി സംഭരിച്ച പലചരക്ക് സാധനങ്ങൾ കത്തി നശിച്ചു. പുലർച്ചെ 3.45നാണ് പുക ഉയരുന്നത് പ്രദേശവാസികൾ കണ്ടത്. കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. പത്ത് ലക്ഷത്തോളം രൂപയുടെ പലചരക്ക് സാധനങ്ങൾ തീപിടിത്തത്തിലും വെള്ളം നനഞ്ഞും നശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്കും ത്രാസ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. ബാങ്ക് പ്രവർത്തിക്കുന്നിടത്തേക്ക് തീ പടർന്നിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് ഗോപിനാഥപിള്ള അറിയിച്ചു.