ദേശീയപാത 183 വികസനം: 2 പാക്കേജുകൾ പരിഗണനയിൽ

Monday 01 September 2025 12:35 AM IST
ദേശീയപാത

കൊല്ലം: കൊല്ലം ബൈപ്പാസ് മുതൽ ആഞ്ഞലിമൂട് വരെയുള്ള ദേശീയപാത 183ലെ ഗതാഗതം കാര്യക്ഷമമാക്കുന്നതിനും ഇന്ധന ചെലവും യാത്രാസമയവും കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ വികസന പദ്ധതി ദേശീയപാത മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയിൽ. ശ്രീകണ്‌ഠേയ സി.വി.കാന്ത് സംയുക്ത സംരംഭ കൺസൾട്ടൻസി സമർപ്പിച്ച വിശദമായ രണ്ട് പാക്കേജുകൾ ഐ.എഫ്.ഡി അംഗീകരിച്ചു.

സെപ്തംബറിൽ തന്നെ നിർദ്ദിഷ്ഠ പദ്ധതിക്ക് അനുമതി നൽകുന്ന തരത്തിൽ ഭരണനടപടികൾ പുരോഗമിക്കുകയാണ്. ദേശീയപാത മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിന് സമർപ്പിച്ചിട്ടുള്ളത്.

ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് സെക്രട്ടറി ചെയർമാനും നീതി ആയോഗ്, ധനകാര്യം, നിയമകാര്യം തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അംഗങ്ങളായിട്ടുള്ള ഫിൻനാസ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് അനുമതി നൽകുകയെന്നത് മാത്രമാണ് അവശേഷിക്കുന്നത്.

കഴിഞ്ഞ 25 വർഷമായി പഴയ ദേശീയപാത 83ന്റെ (പുതിയ ദേശീയപാത 183) സമഗ്ര വികസനം നടന്നിരുന്നില്ല. ദേശീയപാത വികസനത്തിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നിരന്തര ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത മന്ത്രാലയം പദ്ധതി ഏറ്റെടുക്കാൻ തയ്യാറായത്.

സെപ്തംബറിൽ അനുമതി  ഒരുക്കുക അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ

 പാത കടന്നുപോകുന്ന പ്രദേശത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യം

 വ്യാവസായിക കാർഷിക വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിക്കും

 പരമാവധി തൊഴിലവസരം സൃഷ്ടിക്കും

 റിപ്പോർട്ട് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ

പാത-4 വരി

വീതി-24 മീറ്റർ

ദൂരം-54.37 കിലോമീറ്റർ

ചെലവ് ₹ 1993.2 കോടി

വിവിധ വകുപ്പ് പ്രതിനിധികളുടെ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം വിളിച്ച് വിഷയം പരിഗണിക്കുന്നതിനുള്ള സത്വര നടപടികളാണ് ദേശീയപാത മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി