പുത്തൻ ട്രെൻഡിൽ വിപണി: ഒന്നിനൊന്ന് മെച്ചം ഓണക്കോടികൾ

Monday 01 September 2025 12:43 AM IST
ഓണക്കച്ചവടം ലക്ഷ്യമിട്ട് വിപണിയിലിറക്കിയ ഡിസൈൻ സാരികൾ തിരഞ്ഞെടുക്കുന്ന യുവതി. കാവനാട് ജംഗ്ഷന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള കാഴ്ച

കൊല്ലം: പഴമയും പുതുമയും കോർത്തിണക്കിയ ഫ്യൂഷൻ വസ്ത്രങ്ങളാണ് ഓണക്കാലത്ത് ടെക്സ്റ്റൈൽസുകളിലെ ട്രെൻഡ്. വ്യത്യസ്തങ്ങളായ നിറത്തിൽ വൈവിദ്ധ്യങ്ങളായ പ്രിന്റുകളും പെയിന്റിംഗുകളും ചേർത്തുള്ള ന്യൂജെൻ ഐറ്റങ്ങൾക്ക് ആവശ്യക്കാരേറെ.

താമര പ്രിന്റ് ആകർഷകമാണ്. കൂടുതലായി വിറ്റഴിയുന്നതും ഇതുതന്നെ. പട്ടുപാവാടയിൽ തുടങ്ങി ദാവണിയിലും സെറ്റ് മുണ്ടിലും വരെ ലോട്ടസ് ഡിസൈനുണ്ട്. പലാസോയിലും ക്രോപ്ടോപ്പിലും അടക്കം ഓണത്തിന്റെയും കേരളത്തിന്റെയും അടയാളങ്ങൾ ഉൾപ്പെടുത്തിയാണ് പ്രിന്റുകൾ. താമര കൂടാതെ തെച്ചിയും തുമ്പയും തെയ്യവും മാവേലിയും വള്ളംകളിയും എല്ലാം വസ്ത്രങ്ങളിലുണ്ട്. സാരിയിലെ ഡിസൈനിന് ചേരുന്ന ഷർട്ടുകളും ജുബ്ബകളും വിപണിയിൽ സുലഭമാണ്.

കസവ് കരയുള്ള ടോപ്പുകൾക്കും ഡിമാൻഡുണ്ട്. കൃഷ്ണൻ, മയിൽപീലി ചിത്രങ്ങൾക്ക് പകരം ഫ്‌ളോറൽ ഡിസൈനുകളാണ് ഇത്തവണ തരംഗം. കൊച്ചു കുട്ടികൾക്കായി മോഡേൺ വസ്ത്രങ്ങൾ എത്തിയെങ്കിലും സ്വർണക്കരയുള്ള കുട്ടി മുണ്ടിനാണ് ആവശ്യക്കാരുള്ളത്.

ടിഷ്യു, അജ്രക് പ്രിന്റുകളുള്ള വസ്ത്രങ്ങളും ഓണവിപണിയിലുണ്ട്. പുരുഷന്മാരുടെ വസ്ത്രങ്ങളിലും അജ്രക് പ്രിന്റുകൾ തരംഗമാണ്. യൂത്തൻമാരെ ലക്ഷ്യമിട്ട് ഫുൾ, ഹാഫ് സ്ലീവ് പ്രിന്റഡ് ഷർട്ടുകളും ബാഗി, പാരച്യൂട്ട് പാന്റുകളുമുണ്ട്. കൂടാതെ സ്കിന്നി, ഫ്‌ളെയേർഡ്, ബൂട്ട്കട്ട് ജീൻസുകളും ക്രോപ്പ് ടോപ്പ്, ക്രോപ്പ് ഷർട്ട് എന്നിവയും ലഭ്യമാണ്.

വീതിയുള്ള കസവ് സാരികളേക്കാൾ പുളിയിലക്കര മുണ്ടുകൾ തേടിയെത്തുന്നവരുടെ എണ്ണം ഇത്തവണ കൂടിയിട്ടുണ്ടെന്ന് വസ്ത്രവ്യാപാരികൾ പറയുന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഓൺലൈൻ വില്പനയും തകൃതിയാണ്.

തനിമ ചോരാതെ ആഭരണങ്ങൾ

ലോട്ടസ് ജിമിക്കികൾ, ലോട്ടസ് നെക്‌ലസുകൾ, ലോട്ടസ് വളകൾ എന്നിവയും ഓണം ഫാഷനിലെ താരങ്ങളാണ്. ഇൻവിസിബിൾ ചെയിനുകൾക്കും ആവശ്യക്കാരുണ്ട്. പാലയ്ക്ക മാല, കാശുമാല, മുല്ലമൊട്ടുമാല, മാങ്ങാമാല തുടങ്ങിയ പരമ്പരാഗത മാലകളുടെ ഇമിറ്റേഷനുകൾക്കും ഡിമാൻഡുണ്ട്. ചോക്കറുകളും ടെമ്പിൾ ജൂവലറികളും വിറ്റഴിയുന്നുണ്ട്.