അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലിരുന്ന സ്‌ത്രീ മരിച്ചു

Monday 01 September 2025 1:13 AM IST

വേങ്ങര : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ സ്വദേശി കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംലയാണ്(52) മരിച്ചത്. ഒന്നരമാസമായി ചികിത്സയിലായിരുന്നു.

ജൂലായ് ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം ആഗസ്റ്റ് നാലിനാണ് രോഗം വഷളായ നിലയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് ആഗസ്റ്റ് 11 ന് വാർഡിലേക്ക് മാറ്റി. ആഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങി. ഇന്നലെ പുലർച്ചെയായിരുന്നു മരണം. ചേറൂർ കാപ്പിൽ മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.ഭർത്താവ് : മുഹമ്മദ് ബഷീർ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് യാസർ, റഹിയാനത്ത് . മരുമക്കൾ: അനീസുന്നീസ, ജസീല, മുഹമ്മദ് അനീസ്‌.