നെല്ല് സംഭരണ രജിസ്ട്രേഷനിൽ മെല്ലെപ്പോക്ക് സപ്ളൈകോ നിർദ്ദേശങ്ങൾ തിരിച്ചടി

Monday 01 September 2025 1:18 AM IST

ആലപ്പുഴ:നെല്ല് സംഭരണത്തിനുള്ള സപ്ളൈകോ ഓൺലൈൻ രജിസ്ട്രേഷൻ മെല്ലപ്പോക്കിൽ.സെപ്തംബർ ആദ്യം കൊയ്ത്ത് ആരംഭിക്കേണ്ട പാലക്കാട്ട് ആരും രജിസ്റ്റർ ചെയ്തിട്ടില്ല.തൃശൂരിൽ രജിസ്റ്റർ ചെയ്തത് 152 പേർ മാത്രം.മറ്റ് ജില്ലകളിലും നാമമാത്രമാണ് രജിസ്ട്രേഷൻ.പുഞ്ചകൃഷിയുടെ നെല്ലിന്റെ പണം ലഭിക്കാത്തതും നെല്ല് സംഭരണത്തിൽ സപ്ളൈകോ വച്ച നിർദ്ദേശങ്ങളും രണ്ട് സത്യവാങ് മൂലം നിർബന്ധമാക്കിയതുമാണ് രജിസ്ട്രേഷനിലെ മെല്ലപ്പോക്കിന് കാരണമെന്നറിയുന്നു.നെല്ല് സംഭരണം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും വില കേന്ദ്രത്തിൽ നിന്ന്‌ ലഭ്യമാകുന്ന മുറയ്ക്കേ നൽകാൻ സാധിക്കൂവെന്നുമാണ്‌ പ്രധാന അറിയിപ്പ്.ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നതിനുൾപ്പെടെയുള്ള നടപടികൾക്ക് സപ്ലൈകോയ്ക്ക് പൂർണ അധികാരം ഉണ്ടെന്നുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ച് സമ്മതപത്രം നൽകുന്നവർക്കേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാനാകൂ.സപ്ലൈകോ നിർദ്ദേശിക്കുന്ന സ്ഥലത്ത് നെല്ലെത്തിക്കണം.മുൻപൊക്കെ കളങ്ങളിൽ വന്നാണ് സംഭരിച്ചിരുന്നത്.ഗുണനിലവാരത്തിന്റെ പേരിലുള്ള തർക്കം ഒഴിവാക്കുന്നതിനും സംഭരണം സുഗമമാക്കാനുമാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് സപ്ളൈകോ പറയുന്നത്.എന്നാൽ,ഇത് കിഴിവ് കൊള്ളക്കാരായ മില്ലുകാരെ സഹായിക്കാനുളള നിലപാടെന്നാണ് കർഷക‌ർ കരുതുന്നത്.കഴിഞ്ഞ സീസണിലെ 350 കോടിയോളം രൂപ സപ്ലൈകോ നൽകാനിരിക്കെ,പുതിയ നിർദ്ദേശങ്ങൾ കർഷക സംഘടനകൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

രജിസ്ട്രേഷൻ ഇതുവരെ

തിരുവനന്തപുരം...............8

കോട്ടയം..........................171

ആലപ്പുഴ............................26

എറണാകുളം....................46

തൃശൂർ..............................152

മറ്റ് ജില്ലകൾ..........................0

ആകെ...............................403

കഴിഞ്ഞ സീസണിലെ വില ലഭിക്കാത്തതിന്റെ വിഷമത്തിനിടെ, രണ്ട് അധിക സത്യവാങ്മൂലങ്ങളുൾപ്പെടെ പുതിയ നിർദ്ദേശങ്ങളിൽ കർഷകർക്ക് ആശങ്കയുണ്ട്.

- സോണിച്ചൻ പുളുങ്കുന്ന്,​ നെൽകർഷക സംരക്ഷണ സമിതി