താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസം, ലോറി എട്ടാം വളവിൽ കുടുങ്ങി

Monday 01 September 2025 8:53 AM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഭാഗിക ഗതാഗത തടസം. ചുരത്തിലെ എട്ടാം വളവിലാണ് ചരക്കുമായി വന്ന ലോറി കുടുങ്ങിപ്പോയത്. ഇതിനെത്തുടർന്ന് ഇവിടെ ഭാഗിക ഗതാഗത തടസമുണ്ടാകുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സ്ഥലത്ത് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയാണ്. ലോറി നന്നാക്കാനുള്ള മെക്കാനിക്ക് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഒൻപതാം വളവിൽ ബാരിക്കേ‌‌‌ഡ് തകർത്ത് കർണാടകയിൽ നിന്ന് വാഹനം കയറ്റിവന്ന കണ്ടെയ്‌നർ ലോറി അപകടത്തിൽ പെട്ടതിനെ തുടർന്ന് ഒരുവരിയായി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിട്ടിരുന്നുമില്ല. ചുരമിറങ്ങുകയായിരുന്ന കണ്ടെയ്നർ ലോറി ഒമ്പതാം വളവിൽ റോഡരികിലെ സംരക്ഷണ വേലി ഇടിച്ചു തകർത്തു. താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. അപകടത്തെ തുടർന്ന് ചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. കഴിഞ്ഞ‌ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പ്രശ്‌നം പരിഹരിച്ചതിന്‌ പിന്നാലെയാണ് ഇന്ന് ചുരത്തിൽ വീണ്ടും മറ്റൊരു ലോറി കുടുങ്ങിയത്.