ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ ശരിവച്ച് വകുപ്പ് മേധാവികൾ; 4,000 രൂപവരെ നൽകേണ്ടിവന്നുവെന്ന് രോഗികൾ

Monday 01 September 2025 9:53 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത്. ഡോ. ഹാരിസിന്റെ തുറന്നുപറച്ചിൽ ശരിവയ്‌ക്കുന്നതാണ് റിപ്പോർട്ടിലെ വകുപ്പ് മേധാവികളുടെ മൊഴി.

സമയത്ത് ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്നാണ് നാല് വകുപ്പ് മേധാവികൾ അന്വേഷണ സമിതിയെ അറിയിച്ചത്. നെഫ്രോളജി, ഗ്യാസ്‌ട്രോ, ന്യൂറോ സർജറി എന്നീ വകുപ്പ് മേധാവികളാണ് ഡോ. ഹാരിസിനോട് യോജിച്ചത്. യൂറോളജി രണ്ട് യൂണിറ്റിലെ ഡോക്‌ടറും ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാവുന്നതായി വിദഗ്ദ്ധ സമിതിയെ അറിയിച്ചു.

ഉപകരണങ്ങൾ വാങ്ങാൻ പണം നൽകേണ്ടിവന്നു എന്ന് രോഗികളും മൊഴി നൽകിയിട്ടുണ്ട്. കാരുണ്യ പദ്ധതിയിലെ രോഗികൾക്കും ഇങ്ങനെ പണം നൽകേണ്ടിവന്നു. ഉപകരണങ്ങൾ വാങ്ങാൻ 4,000 രൂപ വരെ രോഗികൾ നൽകിയെന്നതും റിപ്പോർട്ടിലുണ്ട്. ഹാരിസ് ചിറയ്‌ക്കൽ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് അവസാനിപ്പിച്ചത്.