മകന്റെ പാലുകാച്ചലിന് അച്ഛൻ കോടീശ്വരൻ; കൃഷ്ണൻകുട്ടിയ്‌ക്കും കുടുംബത്തിനും ഇരട്ടിമധുരം

Monday 01 September 2025 10:48 AM IST

പാലക്കാട്: മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ പിതാവിനെ തേടി ഭാഗ്യദേവതയെത്തി. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയാലിൽ കൃഷ്ണൻകുട്ടിക്കാണ് കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയാണ് ലഭിച്ചത്. ഇന്നലെയായിരുന്നു നറുക്കെടുപ്പ്. കൃഷ്ണൻകുട്ടി കൂലിപ്പണിക്കാരനാണ്.

കൃഷ്ണൻകുട്ടിക്ക് സംസാര ശേഷി ഇല്ല. കേൾക്കാനും സാധിക്കില്ല. അദ്ദേഹം പലപ്പോഴും മൂന്നുംനാലും ടിക്കറ്റുകൾ ഒന്നിച്ചെടുക്കാറുണ്ട്. മുമ്പ് ചെറിയ സമ്മാനങ്ങളും അടിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമാണ് കൃഷ്ണൻകുട്ടിക്കുള്ളത്. ഇന്നലെ മൂത്തമകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചലായിരുന്നു.

ഇതിനിടയിലാണ് പെരിമ്പടാരിയിലെ ലോട്ടറി വിൽപ്പനക്കാരനായ മാമ്പറ്റ അബ്ദുവിൽ നിന്ന് വാങ്ങിയ MV122462 എന്ന നമ്പരിന് സമ്മാനമടിച്ചത്. നാല് ലോട്ടറിയായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഇതിലൊന്നിന് സമ്മാനം ലഭിച്ചതായി അബ്ദു തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഏൽപ്പിച്ചിട്ടുണ്ട്.