ഒറ്റയടിക്ക് കൂടിയത് 680 രൂപ;​ റെക്കാഡ് കുതിപ്പുമായി സ്വർണം, 77000 കടന്നു

Monday 01 September 2025 11:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻവർദ്ധനവ്. പവന് 680 രൂപ ഉയർന്ന് 77,640 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 9,705 രൂപയുമായി. ഇത് ആദ്യമായാണ് ഒരു പവൻ സ്വർണത്തിന്റെ വില 77,000 രൂപ കടക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,588 രൂപയും പവന് 84,704 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,941 രൂപയും പവന് 63,528 രൂപയുമാണ് നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺകണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതിനാൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഇന്ന് ഒരു പവന്‍ സ്വർണം വാങ്ങുന്നവര്‍ക്ക് 84,245 രൂപ വരെ ചെലവാകും. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ദ്ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 75,​000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാമിന് 136 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 1,​36,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 135 രൂപയും ഒരു കിലോഗ്രാമിന് 1,​35,​000 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.